Asianet News MalayalamAsianet News Malayalam

ലോഹത്തോട്ടികള്‍ എന്ന മരണക്കെണ്ണി; വൈറലായി കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

 കഴിഞ്ഞ വര്‍ഷം മാത്രം 46 പേർക്ക് ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റു. ഇതിൽ 24 പേരും തൽക്ഷണം മരിച്ചു. 22 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇക്കൊല്ലം നാളിതുവരെ 9 പേരാണ് ഇത്തരത്തില്‍ ഷോക്കേറ്റ് മരിച്ചത്. 12 പേർക്ക് പൊള്ളലേറ്റു.

KSEB s Facebook post about iron rod causing death is viral
Author
Thiruvananthapuram, First Published May 28, 2020, 11:06 AM IST

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന കേരളീയരുടെ പ്രധാന ഭക്ഷണങ്ങളിലൊന്ന് ചക്കയായിരുന്നു. ചക്ക പറക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചവരുടെയും പരിക്കേറ്റവരുടെയും വാര്‍ത്തകളും  കുറവില്ലായിരുന്നു. ചക്ക പറിക്കുന്നതിനുപയോഗിച്ച ലോഹത്തോട്ടികള്‍ വൈദ്യുതി പേസ്റ്റില്‍ തട്ടിയാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടായിട്ടുള്ളത്. ഇത്തരത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 330 അപകടങ്ങളുണ്ടായെന്നും ഈ അപകടങ്ങളില്‍ 156 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നുമാണ് കെഎസ്ഇബിയും ഫേസ്ബുക്ക് പേജില്‍ പറയുന്നത്. 

ഉണങ്ങിയ മുളത്തോട്ടികളില്‍ നിന്ന് അലുമിനീയം തോട്ടികളിലേക്കും ഇരുമ്പുതോട്ടികളിലേക്കും സൗകര്യത്തിനനുസരിച്ച് മാറിയതാണ് അപകടങ്ങള്‍ ഇത്രയേറെ കൂടാന്‍ കാരണമെന്നും കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 46 പേർക്ക് ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റു. ഇതിൽ 24 പേരും തൽക്ഷണം മരിച്ചു. 22 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇക്കൊല്ലം നാളിതുവരെ 9 പേരാണ് ഇത്തരത്തില്‍ ഷോക്കേറ്റ് മരിച്ചത്. 12 പേർക്ക് പൊള്ളലേറ്റു. ഫലവൃക്ഷങ്ങളില്‍ നിന്ന് കായ്കനികള്‍ പറക്കുമ്പോള്‍ ലോഹത്തോട്ടികള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പോടെയാണ് കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. 

കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: 

പത്രവാർത്തകൾ ശ്രദ്ധിക്കുന്നവർക്കറിയാം, കുറച്ചു വർഷങ്ങളായി നാട്ടിലെ പ്രധാന വില്ലൻ ലോഹ തോട്ടിയാണ്. വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ്/ അലുമിനിയം തോട്ടി ഉപയോഗിച്ച നിരവധി പേർക്കാണ് ഇക്കഴിഞ്ഞ ഒരു ദശാബ്ധത്തിനുള്ളിൽ ജീവഹാനിയുണ്ടാവുകയോ ഗുരുതരമായി പരിക്കേറ്റ് സാധാരണജീവിതം അപ്രാപ്യമാവുകയോ ചെയ്തിട്ടുള്ളത്. ഇക്കൊല്ലവും വൈദ്യുതിയുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ ജീവനപഹരിച്ച അപകടങ്ങളിലേറെയും ലോഹനിർമ്മിത തോട്ടിയുമായി ബന്ധപ്പെട്ടതായിരുന്നു.

സൗകര്യപ്രദമായ തോട്ടിയായി രൂപാന്തരം പ്രാപിച്ച പഴയ ദൂരദർശൻ ആന്റിന പൈപ്പും അരയിഞ്ച് ജി ഐ പൈപ്പുമൊക്കെ വളരെപ്പെട്ടെന്നാണ് പഴഞ്ചൻ മുളന്തോട്ടികളെ പിന്തള്ളി നാട്ടിൽ വ്യാപകമായത്. ആവശ്യാനുസരണം നീളം ക്രമീകരിക്കാവുന്ന അലുമിനിയം തോട്ടികളും ഇപ്പോൾ അഗ്രി ഹാർഡ്‌വെയർ ഷോപ്പുകളിൽ സുലഭമാണ്. ഈ ലോക്ക്ഡൗൺ കാലത്ത് മലയാളിയുടെ പ്രധാന ഭക്ഷണം ചക്കയായിരുന്നുവല്ലോ. അടുത്തകാലത്തെ അപകടങ്ങളിലേറെയും സംഭവിച്ചത് വൈദ്യുതി ലൈനിനു സമീപത്തെ പ്ലാവിൽ നിന്ന് ചക്കയിടാൻ ശ്രമിക്കുമ്പോഴായിരുന്നു.

കണക്കുകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്! ഇക്കഴിഞ്ഞ വർഷം മാത്രം 46 പേർക്കാണ് ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റത്. അതിൽ 24 പേരും തൽക്ഷണം മരണമടഞ്ഞു. 22 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇക്കൊല്ലം നാളിതുവരെ 9 പേരാണ് മരണമടഞ്ഞത്. 12 പേർക്ക് പൊള്ളലേറ്റു.

2015 മുതലുള്ള കണക്കു പരിശോധിച്ചാൽ മനസ്സിലാക്കാം ഈ അപകടസാധ്യതയുടെ ഗൗരവം. ലോഹതോട്ടി വില്ലനായി മാറിയപ്പോൾ ഇക്കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ 330 അപകടങ്ങളിലായി 156 പേരാണ് മരണമടഞ്ഞത്.

ഈ അപകടങ്ങളിൽ നിന്ന് ഇനിയെങ്കിലും പാഠമുൾക്കൊണ്ടേ തീരൂ...
വൈദ്യുതി ലൈനുകൾക്കു സമീപം ലോഹനിർമ്മിത തോട്ടികളും കോണികളും ഒരു കാരണവശാലും ഉപയോഗിക്കരുത്.
ജാഗ്രത!
 

 

Follow Us:
Download App:
  • android
  • ios