Asianet News MalayalamAsianet News Malayalam

വൈദ്യുതി ലഭ്യതയിൽ വൻ കുറവുണ്ട്; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി!

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി

KSEB urges consumers to cooperate to avoid electricity deregulation ppp
Author
First Published Aug 23, 2023, 4:30 PM IST

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി. സാങ്കേതിക തകരാറിനെ തുടർന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയിൽ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. 

നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറ് മണി മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ  ഉപഭോക്താക്കൾ തയ്യാറാകണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.  

Read more: സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് രണ്ട് മാസത്തെ ഓണറേറിയം ഓണത്തിന് മുമ്പ് വിതരണം ചെയ്യും: മന്ത്രി

അതേസമയം, വൈദ്യുതി കരുതലോടെ ഉപയോ​ഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയും ജനങ്ങളോട് അഭ്യർഥിച്ചു. ഈ വർഷം  45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തിൽ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാൽ ജല വൈദ്യുത പദ്ധതികളിൽനിന്നുള്ള വൈദ്യുതി ഉൽപാദനം പരിമിതമാണെന്നും അതുകൊണ്ടുതന്നെ വൈദ്യുതി കരുതലോടെ വേണം ഉപയോഗിക്കാനെന്നും മന്ത്രി വ്യക്തമാക്കി. ഉർജക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യണമെന്നും മന്ത്രി അറിയിച്ചു. 

കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും വൈദ്യുതി ചാർജ് വർധനയടക്കം വേണ്ടി വന്നേക്കാമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ലോഡ് ഷെഡിംഗ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകുമെങ്കിലും ഓണക്കാലവും പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പും പരിഗണിച്ച് തല്ക്കാലം കടുത്ത തീരുമാനം വരില്ലെന്നാണ് വ്യക്തമാകുന്നത്.

ഈ മാസം കാര്യമായ തോതിൽ മഴ കിട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് മന്ത്രിയുടെ പക്ഷം. പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെ എസ് ഇ ബി മുന്നോട്ട് പോകുന്നതെന്നടക്കം മന്ത്രി വിവരിച്ചിരുന്നു. പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം കെ എസ് ഇ ബിക്ക് ഉണ്ടെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios