കായംകുളം: ദേശീയപാതയിൽ കൃഷ്ണപുരം അജന്ത ജംഗ്ഷനിൽ കെഎസ്ആർടി - സി സൂപ്പർഫാസ്റ്റിന് പിന്നിൽ ലോറിയിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഭഗവതിപ്പടി പത്തിയൂർ കിഴക്ക് ഉമേഷ് ഭവനത്തിൽ അജേഷ് കൃഷ്ണ (19)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റിന് പിന്നിൽ അമിതവേഗതയിൽ കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ ബസ്സിന്‍റെ പിൻവശത്തെ സീറ്റിലിരുന്ന അജേഷിന്‍റെ മുഖത്ത് ബസിന്‍റെ സൈഡിലെ കമ്പി ഒടിഞ്ഞ് നെറ്റിയില്‍ തുളച്ച് കയറുകയായിരുന്നു. ലോറിയുടെ അമിത വേഗത കണ്ട് ബസ് ഡ്രൈവർ ബസ് ഒരു വശത്തേക്ക് വെട്ടിച്ച് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.  ഗുരുതരമായി പരിക്കേറ്റ അജേഷിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.