പയ്യന്നൂര്‍ കോഴിച്ചാൽ റൂട്ടിലോടുന്ന ബസ്സിലെ യാത്രക്കാരനാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ ജീവനക്കാര്‍ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചു.

കണ്ണൂർ: യാത്രക്കിടെ കെഎസ്ആര്‍ടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി ജീവനക്കാര്‍. കണ്ടക്ടര്‍ ടി വി നിഷയുടെയും ഡ്രൈവര്‍ പി കെ സുഭാഷിന്റെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് യാത്രക്കാരന് പുതുജീവൻ ലഭിച്ചത്. പയ്യന്നൂര്‍ കോഴിച്ചാൽ റൂട്ടിലോടുന്ന ബസ്സിലെ യാത്രക്കാരനാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ ജീവനക്കാര്‍ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. 

പയ്യന്നൂര്‍ ടൗൺ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ചെറുപുഴ ശാഖാ മാനേജര്‍ കെ പി മനോജാണ് കുഴഞ്ഞുവീണത്. പാടിയോട്ടുചാൽ സ്റ്റോപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ഇയാൾ കുഴഞ്ഞുവീണത്. തക്ക സമയത്തിന് ആശുപത്രിയിലെത്തിക്കാനായതിനാലാണ് മനോജിന്റെ ജീവൻ രക്ഷിക്കാനായത്. ആളുകൾക്ക് ഇറങ്ങേണ്ട സ്ഥലങ്ങലിൽ ബസ് നിര്‍ത്തില്ല എന്നതിനാൽ കണ്ടക്ടര്‍ യാത്രക്കാരെ കാര്യം ധരിപ്പിച്ചു. സംഭവം അറിഞ്ഞതോടെ യാത്രക്കാരും ഒരുമിച്ച് നിന്നു. മനോജിനെ ആശുപത്രിയിലെത്തിച്ചതിന് ശേഷം ബാങ്ക് ജീവനക്കാരെ വിവരം അറിയിച്ചു. തുടര്‍ന്നാണ് ബസ്സുമായി തിരിച്ചുപോന്നത്.