'മുന്നിലേക്ക് നീങ്ങിയാൽ പത്തടി താഴ്ചയിലേക്ക് പതിക്കും', ഹരിപ്പാട് തെന്നിനീങ്ങിയ കെഎസ്ആർടിസി ബസിനെ പിടിച്ചുനിർത്തിയ മനോധൈര്യം
ഹരിപ്പാട്: ശക്തമായ കാറ്റിലും മഴയിലും നിയന്ത്രണം വിട്ട കെഎസ് ആർ ടി സി ബസ് പത്തടി താഴ്ചയിലേക്ക് തെന്നിനീങ്ങി. ഡ്രൈവറിന്റെ മനോധൈര്യത്തിൽ ഓടിക്കൂടിയ നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരും സാഹസികമായി ബസ് കരയ്ക്കെത്തിച്ചു. ഹരിപ്പാട് - വീയപുരം - എടത്വാ റൂട്ടിലായിരുന്നു സംഭവം.
വീയപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിന് സമീപം അക്കരമുറിഞ്ഞ പുഴയ്ക്കൽ പാലത്തിന് വടക്കേകരയിൽ അപ്രോച്ച് റോഡിലേക്കായിരുന്നു ബസ് തെന്നിനീങ്ങിയത്. കഴിഞ്ഞദിവസം രാത്രി 8.40 നാണ് സംഭവം. ഹരിപ്പാട്ട് നിന്ന് എടത്വയ്ക്ക് സർവ്വീസ് നടത്തിയ ഫാസ്റ്റ് പാസഞ്ചർ ബസ്സാണ് അപകടത്തിൽ പെട്ടത്. ശക്തമായ കാറ്റിലും പേമാരിയിലും ബസ്സിന്റെ നിയന്ത്രണം തെറ്റി പത്തടി താഴ്ചയിലേക്ക് തെന്നി നീങ്ങുകയായിരുന്നു.
ബസ്സിന്റെ മുൻ വശത്തെ രണ്ട് വീലും അപ്രോച്ചിന്റെ പുറത്ത് എത്തിയിരുന്നു. ഈ സമയം ഡ്രൈവർ ബ്രക്ക് ചവിട്ടി ബസ് മുന്നോട്ട് നീങ്ങാതെ പിടിച്ചു നിർത്തി. ഓടിക്കൂടിയ നാട്ടുകാർ മരത്തിൽ വടം ഉപയോഗിച്ച് ബസ് ബന്ധിച്ച് നിർത്തി. തുടർന്ന് നാട്ടുകാർ പൊലീസിനേയും ഫയർ ഫോഴ്സിനേയും വിവരം അറിയിച്ചു. ഈ സമയം വീയപുരം വൈ. പ്രസിഡന്റ് പിഎ ഷാനവാസിന്റെ നേതൃത്വത്തിൽ റെസ്ക്യൂ ടീം പ്രവർത്തകരും സ്ഥലത്തെത്തി.
അപ്രോച്ചിന് താഴെയുള്ള റോഡിൽ ജെ സി ബി എത്തിച്ച് ബസിന്റെ മുൻഭാഗം ഉയർത്തിപ്പിടിച്ചശേഷം നാട്ടുകാരുടേയും സന്നദ്ധ സംഘടന പ്രവർത്തകരുടേയും പോലീസ് - ഫയർ ഉദ്യോഗസ്ഥരുടേയും ശ്രമഫലമായി ബസ് വലിച്ച് കരയ്ക്കെത്തിച്ചു. ശക്തമായ മഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചെങ്കിലും ഓടിക്കൂടിയവരുടെ മനധൈര്യമാണ് വൻ ദുരന്തത്തിൽ കലാശിക്കാതിരുന്നത്.
ഡ്രൈവറും കണ്ടക്ടററും കൂടാതെ മൂന്ന് യാത്രക്കാരും ബസിനുള്ളിൽ ഉണ്ടായിരുന്നു. ഡ്രൈവർ ബ്രേക്കിൽ നിന്ന് കാൽ മാറ്റിയാൽ പത്തടി താഴ്ചയിലുള്ള മറ്റൊരു റോഡിലേക്ക് ബസിന്റെ മുൻവശം ഇടിച്ചു വീഴും. ഇതോടെ ബസ്സിലുണ്ടായിരുന്നവർക്ക് രക്ഷപെടാനുള്ള സാധ്യത യും ഇല്ലാതാകുമായിരുന്നു.
