പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ച കേസിൽ 22-കാരനായ ഫാസിൽ അറസ്റ്റിൽ. ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മോഷണം നടത്തിയതെന്നും കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ഉത്തരവാദിത്വം വേണമെന്നും പ്രതി മൊഴി നൽകി. 

പാലക്കാട്: പൊലീസിനാകെ നാണക്കേടുണ്ടാക്കിയ, അതേസമയം തന്നെ കെഎസ്ആര്‍ടിസി അധികൃതർ അന്പരന്ന സംഭവമായിരുന്നു പാലക്കാട് ഡിപ്പോയിലെ ബസ് മോഷണം പോയ കേസ്. സംഭവത്തിൽ ഒടുവിലിതാ പ്രതി അറസ്റ്റിലായിരിക്കുകയാണ്. മേപ്പറമ്പ് സ്വദേശിയായ 22കാരൻ ഫാസിലാണ് രണ്ടാഴ്ചയ്ക്കു ശേഷം അറസ്റ്റിലായത്. പ്രതിയുടെ മോഷണ കാരണമാണ് വിചിത്രം. ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണെന്നാണ് മൊഴി. ഒപ്പം കെഎസ്ആര്‍ടിസി ജീവനക്കാർ കുറെകൂടി ഉത്തരവാദിത്വം കാണിക്കണമെന്നുമാണ് പ്രതിയുടെ ഫാസിലിന്റെ വാക്കുകൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എസ്പി ഓഫീസിന്റെ 50 മീറ്റർ അടുത്ത് നിന്ന് ബസ് മോഷണം പോയിട്ടും പ്രതിയെ പിടികൂടാനാകാത്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും എങ്ങും എത്തിയിരുന്നില്ല. ഈ മാസം 7 ന് സംഭവശേഷം തമിഴ്നാട്ടിലേക്ക് മുങ്ങിയ ഫാസിൽ ഇന്നാണ് പാലക്കാട് പൊങ്ങിയത്. വിവരം അറിഞ്ഞ് എത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ എത്തിയത് ബസ് ഓടിച്ചു നോക്കണമെന്ന ആഗ്രഹവുമായിട്ടാണെന്നാണ് പ്രതിയുടെ മൊഴി. ഇടുങ്ങിയ റോഡുകളിലൂടെയാണ് ആദ്യം വാഹനം ഓടിച്ചത്.

KSRTC ജീവനക്കാർ പിന്തുടരുന്നുവെന്നറിഞ്ഞപ്പോൾ നഗരത്തോട് ചേർന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. പ്രതി ലഹരിക്കടിമയാണെന്നും സംഭവ സമയത്തും ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസിൻ്റെ നിഗമനം. ഇയാളെ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ ഇരുചക്രവാഹനത്തിൽ എത്തിച്ചത് കൂട്ടുകാരനാണ്. ഇയാൾക്കായും പൊലീസ് അന്വേഷണം ഊർജിതമാക്കി.