പാലക്കാട്ടെ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ഫോണിൽ സംസാരിച്ചെന്ന പരാതിയുമായി യാത്രക്കാർ
പാലക്കാട്: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതിയുമായി യാത്രക്കാർ. പാലക്കാട് ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവർ സന്തോഷ് ബാബുവിന് എതിരെയാണ് പരാതി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 16നാണ് സംഭവം നടന്നത്. കൊല്ലങ്കോട് നിന്ന് കോയമ്പത്തൂരിലേക്ക് പോയ ബസിലെ ഡ്രൈവർ വാഹനം ഓടിച്ചുകൊണ്ടിരിക്കെ മൊബൈൽ ഫോണിൽ സംസാരിച്ചുവെന്നാണ് ആരോപണം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബസിലുണ്ടായിരുന്ന യാത്രക്കാരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. യാത്രക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഡ്രൈവർ ഫോണിൽ സംസാരിക്കുന്നത് നിർത്തിയില്ലെന്നും ആരോപണമുണ്ട്.
ബസ് വേഗത്തിൽ ഓടിക്കൊണ്ടിരിക്കെയാണ് ഡ്രൈവർ ഫോണിൽ സംസാരിച്ചത്. ബസ് കൊല്ലങ്കോട് നിന്ന് പുറപ്പെട്ട് അര മണിക്കൂറിനുള്ളിലാണ് ഈ സംഭവം. പരാതിയുമായി ബന്ധപ്പെട്ട് ചിറ്റൂർ എടിഒ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്ക് ഇദ്ദേഹം റിപ്പോർട്ട് കൈമാറും. ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്നാണ് ചിറ്റൂർ ഡിപ്പോയിൽ നിന്ന് ലഭിക്കുന്ന വിവരം.

