അമ്പലപ്പുഴ: സുഹൃത്തിന്‍റെ വീട്ടില്‍ പ്ലമ്പിംങ് ജോലിക്കിടെ  മതിൽ ഇടിഞ്ഞുവീണ് കെ എസ് ആർ ടി സി ജീവനക്കാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന പ്ലമ്പർക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ഡ്രൈവറായ പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ പ്രണവം(തേവല്ലപുറത്തുവെളി) വീട്ടിൽ ചന്ദ്രശേഖരൻ നായർ മകൻ പ്രദീപ് കുമാർ(51) ആണ് മരിച്ചത്. 

പ്രദീപിന്‍റെ സുഹൃത്തും പ്ലമ്പറുമായ  പറവൂർ കിഴക്കേ കൈതക്കാട് വീട്ടിൽ മണിയൻറെ മകൻ ബാലചന്ദ്രൻ(50)നെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ  കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പകൽ 12.30 ഓടെയായിരുന്നു സംഭവം. പഴയനടക്കാവ് റോഡിലെ കാന നിർമ്മാണത്തിൻറെ ഭാഗമായി ജെ സി ബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ പറവൂർ നന്ദനത്തിൽ ബാബുരാജിൻറെ വീട്ടിലേക്കുള്ള പൈപ്പ്ലൈനിൽ കേടുപാടുകൾ സംഭവിച്ചു. ഇതിന്‍റെ അറ്റകുറ്റപ്പണി നടത്തവെയാണ് അപകടം നടന്നത്.

ഇതിന്‍റെ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു  ബാലചന്ദ്രൻ. ഇദ്ദേഹത്തെ സഹായിക്കാനായി സുഹൃത്തായ പ്രദീപ് കുമാറും ഒപ്പമുണ്ടായിരുന്നു. അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ബാബുരാജിന്‍റെ വീടിന്‍റെ പാറകൊണ്ട് കെട്ടിയ അടിത്തറയോടുകൂടി മതിൽ ഇരുവരുടെയും ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പാറക്കെട്ടിന് അടിയിൽപ്പെട്ട പ്രദീപ് കുമാർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 

മതില്‍ വീണ് ബാലചന്ദ്രന്‍റെറ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. കുഴിയെടുത്തുകൊണ്ടിരുന്ന ജെ സി ബി ഉപയോഗിച്ചാണ് മതിലിനടിയിൽപ്പെട്ട ഇരുവരെയും പുറത്തെടുത്തത്. പ്രദീപ് കുമാറിന് സംസ്ഥാനത്തെ  മികച്ച ഡ്രൈവറെന്ന ബഹുമതി ലഭിച്ചിട്ടുണ്ട്.