പതിനാറാം മൈലിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഭാര്യ വിനുവിനെ തിരികെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരുവാനായി പോയപ്പോഴാണ് അപകടം.

തിരുവനന്തപുരം: സ്‌കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുത തൂണിലിടിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ മരിച്ചു. വേങ്ങോട് മണലകം അനന്തു ഭവനിൽ സണ്ണിയെന്നു വിളിക്കുന്ന എസ്. അനിൽകുമാർ(45) ആണ് മരിച്ചത്. കെ.എസ്.ആർ.ടി.സി. കണിയാപുരം ഡിപ്പോയിലെ ഡ്രൈവറാണ് അനിൽകുമാർ. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരമണിയേടെയാണ് വേങ്ങോട് സൊസൈറ്റി ജങ്ഷന് സമീപം വച്ച് അപകടം നടന്നത്. 

പതിനാറാം മൈലിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഭാര്യ വിനുവിനെ തിരികെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരുവാനായി പോയപ്പോഴാണ് അപകടം. റോഡിൽ തെറിച്ചു വീണ അനിൽകുമാറിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. 

മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ കണിയാപുരം ഡിപ്പോയിൽ പൊതുദർശനത്തിനു വച്ചശേഷം വീട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്‌കാരം നടത്തും. അനന്തു.വി. അനിൽ ഏക മകനാണ്.