രേഖകളില്ലാതെ കടത്തുകയായിരുന്ന 30.93 ലക്ഷം രൂപയുമായി യുവാവ് എക്‌സൈസ് പിടിയിലായി. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സില്‍ നടത്തിയ മയക്കുമരുന്ന് പരിശോധനക്കിടെയാണ് കോഴിക്കോട് സ്വദേശിയായ മുഹമ്മദ് സാമ്‌റിന്‍ കുടുങ്ങിയത്. 

മാനന്തവാടി: വയനാട്ടില്‍ കേരള-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന ലക്ഷ കണക്കിന് രൂപയുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. കോഴിക്കോട് കൊടുവള്ളി നല്ലൂറമ്മല്‍ വീട്ടില്‍ മുഹമ്മദ് സാമ്‌റിന്‍ ആണ് പിടിയിലായത്. 30,93,900 രൂപയാണ് ഇയാള്‍ കടത്തിക്കൊണ്ടുവന്നിരുന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെ ചെക്‌ പോസ്റ്റിലെത്തിയ, ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് സാമ്‌റിന്‍. എക്‌സൈസ് സംഘം സ്ഥിരമായി നടത്തുന്ന മയക്കുമരുന്ന് കടത്ത് പരിശോധനക്കിടെ പരുങ്ങിയ യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നോട്ടുക്കെട്ടുകള്‍ കണ്ടെത്തിയത്.

പണം ആര്‍ക്ക്, എവിടേക്ക് കൊണ്ടുപോകുന്നുവെന്ന രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. ഇതോടെ പണം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു. യുവാവിനെയും കസ്റ്റഡിയിലെടുത്തു. റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. ശശി, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ജോണി, വി. ബാബു, സികെ. രഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പിഎസ്. സുഷാദ്, കെ. റഷീദ് എന്നിവരാണ് ബസിനുള്ളില്‍ പരിശോധന നടത്തിയത്. പിടികൂടിയ തുക തുടര്‍നടപടികള്‍ക്കായി ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.