പാനൂർ കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു
തലശ്ശേരി: ബസ് ഓടിക്കുന്നതിനിടെ നിരന്തരമായി സ്മാർട് ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജി കണ്ടോത്തിനെതിരെയാണ് നടപടി. പാനൂർ കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഒരു വർഷം മുമ്പുളള സംഭവത്തിന്‍റെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് ഈയിടെയാണ് വ്യാപകമായി പ്രചരിച്ചത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്‍റെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
മറ്റൊരു സംഭവത്തിൽ അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയെ സാമൂഹ്യ മാധ്യമത്തിലൂടെ ലൈംഗികമായി അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെ സർവ്വീസിൽ നിന്ന് സസ്പെൻറ് ചെയ്തു. അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റുകൾ ഇട്ടത്. ഇത് വാർത്ത ആയതോടെയാണ് നടപടി. മുൻമന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിന് നേരത്തെയും ഇയാൾ സസ്പെൻഷനിൽ ആയിരുന്നു. 2024 സെപ്റ്റംബറിലാണ് അധിക്ഷേപ പോസ്റ്റിട്ടതും നടപടി നേരിട്ടതും. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.


