Asianet News MalayalamAsianet News Malayalam

സുരക്ഷ മുഖ്യം ബിഗിലേ.!; ഹര്‍ത്താല്‍ ദിനത്തില്‍ ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

ഹര്‍ത്താലുമായി ബന്ധപ്പെട്ട കല്ലേറ് അടക്കം ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് രംഗത്ത് ഇറങ്ങിയ കെഎസ്ആര്‍ടിസി ബസ്  ഡ്രൈവര്‍ സുരക്ഷയുടെ ഭാഗമായാണ് ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിക്കുന്നത്. 

ksrtc driver wear helmet for safety on pfi harthal day
Author
First Published Sep 23, 2022, 8:42 AM IST

ആലുവ: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു. എറണാകുളം ആലുവയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഡിയോയാണ് വൈറലാകുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ട കല്ലേറ് അടക്കം ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് രംഗത്ത് ഇറങ്ങിയ കെഎസ്ആര്‍ടിസി ബസ്  ഡ്രൈവര്‍ സുരക്ഷയുടെ ഭാഗമായാണ് ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിക്കുന്നത്. 

അതേ സമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങൾ . പലയിടത്തും കെ എസ് ആർ ടി സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി . കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂർ ,കണ്ണൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത് . 

കോഴിക്കോട്  മൂന്നിടത്ത് കല്ലേറുണ്ടായി. രണ്ടിടങ്ങളിൽ കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി. ബെംഗളുരുവിനു പോകുന്ന ബസിന് നേരേയും സിവിൽ സ്റ്റേഷന് സമീപത്ത് വച്ച് മറ്റൊരു കെ എസ് ആർ ടി സി ബസിനു നേരെയുമാണ് കല്ലേറുണ്ടായത്.സിവിൽ സ്റ്റേഷനു സമീപത്തെ കല്ലേറിൽ കെ എസ് ആർ ടി സി ഡ്രൈവർ ശശിക്ക് കണ്ണിനു പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരിയിൽ ലോറിക്ക് നേരെ കല്ലേറ് ഉണ്ടായി. 

കണ്ണൂരിൽ രണ്ടിടങ്ങളിൽ കല്ലേറ് ഉണ്ടായി . ഉളിയിൽ കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ്.ഡ്രൈവർ ധർമ്മടം സ്വദേശി രതീഷിന് പരിക്കേറ്റു . ഇവിടെ ഒരു കാറും എറിഞ്ഞ് തകർത്തു. വളപട്ടണം പാലത്തിന് സമീപം കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ് ഉണ്ടായി. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഏഴരയോടെ കല്ലേറ് ഉണ്ടായത് .വളപട്ടണത്ത് അനഖ എന്ന 15 വയസുകാരിക്ക് കല്ലേറിൽ പരിക്ക്. കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു . പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്

തിരുവനന്തപുരത്ത് മൂന്നിടത്ത് കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി . കാരക്കോണത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സിന് നേരെയാണ് ആദ്യം കല്ലേറ് ഉണ്ടായത് . ബൈക്കിൽ വന്ന രണ്ടുപേർ കല്ലെറിയുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു . ബസ്സിന്റെ മുന്നിലും പിന്നിലും കല്ലെറിഞ്ഞു . ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നതായി ഡ്രൈവർ. തിരുവനന്തപുരം കല്ലറ - മൈലമൂട് സുമതി വളവിൽ കെ എസ് ആർ ടി സി ബസിനു നേരെ കല്ലേറുണ്ടായി . കാട്ടാക്കട അഞ്ചുതെങ്ങ് മൂഡിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. അരുമാനൂരിൽ നിന്ന് പൂവാറിലേക്ക് പോയ ബസ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്.തിരുവനന്തപുരം കുമരി ചന്തയിൽ സ്വകാര്യ വാഹനങ്ങൾക്ക് നേരെ ആക്രമണം. ഒരു കാറും ഒരു ഓട്ടോറിക്ഷയും സമരാനുകൂലികൾ എറിഞ്ഞു തകർത്തു. എയർപോർട്ടിലേക്ക് പോയ കാറിന് നേരെയായിരുന്നു ആക്രമണം

Follow Us:
Download App:
  • android
  • ios