കല്‍പ്പറ്റ: സ്വകാര്യ ബസ്സുടമയുടെ പരാതിയെ തുടര്‍ന്ന് ലഭിച്ച കോടതി വിധിയില്‍ കെഎസ്ആര്‍സി സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ മാനന്തവാടി-കല്ലോടി റൂട്ടിലെ യാത്രാക്കാര്‍ ദുരിതത്തില്‍. ആര്‍ടിഒയുടെ അനുമതിയില്ലാതെയാണ് ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നതെന്നായിരുന്നു പരാതി. 

പത്ത് ബസുകളായിരുന്നു ഈ റൂട്ടിലുണ്ടായിരുന്നത്. ഇവക്കായി 50 ഓളം ട്രിപ്പുകളും ഉണ്ടായിരുന്നു. കടുത്ത യാത്രാക്ലേശമുള്ള ഈ റൂട്ടില്‍ നേരത്തെ 50 ഓളം ടാക്സി ജീപ്പുകളും സര്‍വ്വീസ് നടത്തിയിരുന്നു. നാട്ടുകാര്‍ മുന്നിട്ടിറങ്ങിയാണ് ജീപ്പ് സര്‍വ്വീസുകള്‍ നിര്‍ത്തിവെപ്പിച്ചതും പകരം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തി തുടങ്ങിയതും.

എന്നാല്‍, ഇതിപ്പോള്‍ തങ്ങള്‍ക്ക് തന്നെ വിനയായെന്ന് നാട്ടുകാര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ അടക്കം നൂറുകണക്കിന് പേര്‍ യാത്ര ചെയ്യുന്ന റൂട്ടില്‍ ബസുകള്‍ അനുവദിച്ച് യാത്രാപ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.