തിരുവനന്തപുരത്തെ പ്രസിദ്ധമായ ബീമാപ്പള്ളി ഉറൂസ്, വെട്ടുകാട് പള്ളി തിരുനാൾ എന്നിവയോടനുബന്ധിച്ച് കെഎസ്ആർടിസി 45 സ്‌പെഷ്യൽ സർവീസുകൾ നടത്തും. മന്ത്രി സി പി ജോണിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഗതാഗതം, കുടിവെള്ളം, സുരക്ഷ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ തീരുമാനിച്ചു.

തിരുവനന്തപുരം: പ്രസിദ്ധമായ ബീമാപ്പള്ളി ഉറൂസ്, വെട്ടുകാട് പള്ളി തിരുനാൾ എന്നിവ പ്രമാണിച്ച് ഇരു ആരാധനാലയങ്ങളിലേക്കും കെഎസ്ആർടിസി 45 സ്‌പെഷ്യൽ സർവീസുകൾ നടത്തും. ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തൈക്കാട് ഗസ്റ്റ്ഹൗസിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി സി പി ജോൺ ഇക്കാര്യം അറിയിച്ചത്. ബീമാപ്പള്ളിയിലേക്ക് 20 ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം 14 സർവീസുകളാണ് നടത്തിയിരുന്നത്. വെട്ടുകാട് പള്ളിയിലേക്ക് ഇക്കുറി 25 സ്‌പെഷ്യൽ സർവീസുണ്ടാകും. കഴിഞ്ഞവർഷം 18 സർവീസാണുണ്ടായിരുന്നത്.

കിഴക്കേക്കോട്ട, ഈഞ്ചക്കൽ, വള്ളക്കടവ്, കല്ലുമൂട് എന്നീ റൂട്ടുകളിലൂടെയാണ് ബീമാപ്പള്ളിയിലേക്ക് സർവീസ്. കിഴക്കേക്കോട്ട, പാളയം, വലിയതുറ റൂട്ടുകളിലൂടെയാണ് വെട്ടുകാട് പള്ളിയിലേക്ക് സർവീസ്. ബീമാപ്പള്ളിയിലും വെട്ടുകാട് പള്ളിയിലും താത്ക്കാലിക സ്റ്റേഷൻ മാസ്റ്റർ ഓഫീസും സജ്ജീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കേടായ വൈദ്യുതി വിളക്കുകൾ മാറ്റി പുതിയവ പ്രകാശിപ്പിക്കുന്നതിന് കെഎസ്ഇബി ഉദ്യോഗസ്ഥർക്കും റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നൽകി. ശുദ്ധജല വിതരണം, മാലിന്യ സംസ്‌കരണം, സെപ്‌റ്റേജ് ക്ലീനിങ് എന്നിവ ഉറപ്പു വരുത്തും. ഇരു തീർഥാടന കേന്ദ്രങ്ങളിലേക്കും എത്തുന്ന ടൂറിസ്റ്റുകൾക്ക് വിശ്രമകേന്ദ്രങ്ങൾ ഒരുക്കും. പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് പുറമേ, 24 മണിക്കൂറും വോളന്റിയർമാരുടെ സേവനം ഉപയോഗപ്പെടുത്തും. ഇരുചക്ര വാഹനങ്ങളിൽ റാലി നടത്തുന്നവർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്നും ഇക്കാര്യത്തിൽ ബോധവത്കരണം നടത്തുന്നതിനായി പള്ളികളിൽ അനൗൺസ്‌മെന്‍റ് നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

ആരോഗ്യ വിഭാഗത്തിന്‍റെ കൺട്രോൾ റൂം പ്രവർത്തിക്കും. വെട്ടുകാട് പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് എയർക്രാഫ്റ്റിൽ പുഷ്പവൃഷ്ടി നടത്താനുള്ള അനുവാദം നൽകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. പൊലീസ് ഒരുക്കുന്ന പാർക്കിങിന് പുറമേ, സമീപത്തെ വീട്ടുടമസ്ഥരിൽ നിന്ന് പാർക്കിങിനുള്ള സമ്മതം തേടണമെന്നും മന്ത്രി നിർദേശിച്ചു.മേയർ വി.വി രാജേഷ്, കൗൺസിലർ കിൻസി, വെട്ടുകാട് പള്ളിവികാരി ഫാ. ഷാജു വില്യം, ബീമാപ്പള്ളി ഭരണസമിതി ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു