കെ എസ് യു നേതാവ് വാദിച്ച പ്രതിക്ക് ജാമ്യം കിട്ടുകയും പാര്‍ട്ടി വക്കീൽ വാദിച്ച പ്രവര്‍ത്തകര്‍ക്ക് ജാമ്യം കിട്ടാതാവുകയും ചെയ്തതോടെ എസ് എഫ് ഐ ജില്ലാ നേതൃത്വം വെട്ടിലായി

കൊല്ലം: എസ് എൻ കോളേജ് സംഘര്‍ഷത്തിൽ പിടിയിലായ എസ് എഫ്ഐ പ്രവര്‍ത്തകന് വേണ്ടി കോടതിയിൽ ഹാജരായത് കെ എസ് യു ജില്ലാ പ്രസിഡൻറായ അഭിഭാഷകൻ. സംഭവത്തിൽ ജില്ലാ പ്രസിഡന്റിനെതിരെ കെ എസ് യു പ്രവര്‍ത്തകർ രംഗത്ത് എത്തി. അറസ്റ്റിലായ പ്രവര്‍ത്തകരെ എസ് എഫ് ഐ ജില്ലാ നേതൃത്വം സംരക്ഷിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

എ ഐ എസ് എഫ് പ്രവര്‍ത്തകരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അഞ്ച് എസ് എഫ് ഐ പ്രവർത്തകരാണ് നേരത്തെ റിമാന്റിലായത്. കേസിൽ മൊത്തം 20 പ്രതികൾ ഉണ്ട്. എന്നാൽ മറ്റാരേയും അറസ്റ്റ് ചെയ്യാൻ പൊലീസിനായില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രണ്ട് പ്രതികൾക്ക് ജാമ്യം കിട്ടിയത്. ഇതിൽ ആദിത്യൻ എന്ന എസ് എഫ് ഐ പ്രവര്‍ത്തകന് വേണ്ടിയാണ് കെ എസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ ഹാജരായത്. 

കോളേജിൽ എസ് എഫ് ഐയുടെ അതിക്രമങ്ങൾക്കെതിരെ നിരന്തരം സംസാരിക്കുന്ന കെ എസ് യു നേതാക്കൾ തന്നെ വധശ്രമക്കേസ് പ്രതിക്ക് വേണ്ടി ഹാജരായി എന്നതാണ് പ്രവര്‍ത്തകര്‍ക്കിടയിലെ വിമര്‍ശനം. എന്നാൽ ആദിത്യന്റെ കുടുംബം സമീപിച്ചത് കൊണ്ടാണ് കേസ് ഏറ്റെടുത്തതെന്നാണ് വിഷ്ണുവിന്റെ വിശദീകരണം. 

കെ എസ് യു നേതാവ് വാദിച്ച പ്രതിക്ക് ജാമ്യം കിട്ടുകയും പാര്‍ട്ടി വക്കീൽ വാദിച്ച പ്രവര്‍ത്തകര്‍ക്ക് ജാമ്യം കിട്ടാതാവുകയും ചെയ്തതോടെ എസ് എഫ് ഐ ജില്ലാ നേതൃത്വം വെട്ടിലായി. കോടതി ക്രിസ്മസ് അവധിയിലേക്ക് നീങ്ങുന്നതോടെ മറ്റു 3 പേർക്ക് ജാമ്യം കിട്ടാൻ ഇനിയും വൈകും. കേസിലകപ്പെട്ട എസ് എഫ് ഐക്കാരെ നേതാക്കൾ സംരക്ഷിച്ചില്ലെന്ന ആരോപണവും പ്രവര്‍ത്തകർക്കിടയിലുണ്ട്.