Asianet News MalayalamAsianet News Malayalam

'കുറ്റം വിദ്യാര്‍ത്ഥികളുടെ തലയിൽ കെട്ടിവയ്ക്കുന്നു'; കുസാറ്റിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു

കേരളത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു
KSU has demanded a judicial inquiry in Kusat ppp
Author
First Published Dec 4, 2023, 9:43 PM IST

തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഹൈക്കോടതിയെ സമീപിച്ചു. കുസാറ്റ് ക്യാമ്പസിൽ ഗാനമേളക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാർത്ഥികളുൾപ്പടെ നാലു പേർ മരണമടകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി.

കുറ്റക്കാരായ രജിസ്ട്രാര്‍,  യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍, സെക്യൂരിറ്റി ഓഫീസര്‍ എന്നിവര്‍ക്കെതിരെ ഇതുവരെ  നടപടി ഉണ്ടായിട്ടില്ല എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കേരളത്തിലെ സര്‍വ്വകലാശാല ക്യാമ്പസിലുണ്ടായ ആദ്യ സ്റ്റാമ്പിഡ് വിഷയമെന്ന ഗൗരവത്തോടെ ഇക്കാര്യത്തില്‍ ഗവണ്‍മെന്റിനും നിയമസഭയ്ക്കും വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സ്‌ക്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പാളിന്റെ സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് സര്‍വ്വകലാശാല അധികൃതര്‍ അവഗണിച്ചത് ദുരന്തത്തിന് ആക്കം കൂട്ടി. ദുരന്തശേഷം അദ്ദേഹത്തെ ബലിയാടാക്കി സസ്പെന്‍ഡ് ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനവും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് നൽകിയ ഹർജ്ജിയിൽ തുറന്നു കാട്ടുന്നു.

ചട്ടവിരുദ്ധമായി യൂത്ത് വെൽഫെയർ സ്ഥാനത്ത് എത്തിയ പി.കെ ബേബിയെ ആദ്യം അന്വേഷണത്തിനായുള്ള സിൻഡിക്കേറ്റ് ഉപസമതിയിൽ ഉൾപ്പെടുത്തുകയും വിവാദമായപ്പോൾ അത് പിൻവലിക്കുകയും ചെയ്തെങ്കിലും നിലവിൽ നടത്തുന്ന അന്വേഷണത്തിൽ വഴിവിട്ട ഇടപെടലുകൾ നടത്തുന്നതായും ഹ‍ര്‍ജിയിൽ പറയുന്നു.  ഒരു അപകടം ഉണ്ടായിട്ടും ആ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുക എന്നുള്ളതിനപ്പുറം മറ്റൊരു ലക്ഷ്യവുമില്ലാതെ കമ്മീഷൻ റിപ്പോർട്ടുകൾ പോലും വരുന്നതിനുമുമ്പ് സംഘാടകരായ വിദ്യാർഥികളാണ് കുറ്റക്കാർ എന്ന് വരുത്തി തീർക്കുവാനായി യൂണിവേഴ്സിറ്റിയും അധികാരികളും ശ്രമിക്കുന്നുണ്ട്.

വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുക്കാതെ വിദ്യാർത്ഥികളാണ് ഉത്തരവാദികൾ എന്ന മുൻ വിധിയോടെ വാ‍ര്‍ത്താക്കുറിപ്പ് പോലും ഇറക്കുന്ന സാഹചര്യം യൂണിവേഴ്സിറ്റി യുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോൾ  നിഷ്പക്ഷമായ ഒരു ജുഡീഷ്യൽ അന്വേഷണം ഈ വിഷയത്തിൽ നടത്തണമെന്നാണ് കെ എസ്‌ യുവിന്റെ ആവശ്യം.   തിരുവനന്തപുരം സി. എ . ടി എഞ്ചിനീയറിംഗ് കോളേജ് ഓണാഘോഷത്തിനിടെ ജീപ്പ് അപകടം - ഹൈക്കോടതി  വിധിന്യായത്തിലെ സര്‍വ്വകലാശാലകള്‍  പാലിക്കേണ്ട  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കുസാറ്റ് അധികൃതര്‍ കാറ്റില്‍ പറത്തിയെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. 

കുസാറ്റ് അപകടം; സുരക്ഷാ വീഴ്ച അടക്കം പരിശോധിക്കും, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios