ചൂണ്ടി - പുക്കാട്ടുപടി റോഡില്‍ സംഘടനാ ചിഹ്നങ്ങള്‍ വരയ്ക്കുകയായിരുന്ന ഇരുസംഘടനയിലെ പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

എറണാകുളം: എറണാകുളം ആലുവയില്‍ കെ.എസ്.യു - എസ്.എഫ്.ഐ (KSU SFI) പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. സംഘര്‍ഷം കനത്തപ്പോള്‍ പോലീസ് ലാത്തി വീശി. ആലുവ (Aluva) ഭാരത് മാത സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന് മുന്‍പിലാണ് സംഘർഷം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊടിമരവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ചൂണ്ടി - പുക്കാട്ടുപടി റോഡില്‍ സംഘടനാ ചിഹ്നങ്ങള്‍ വരയ്ക്കുകയായിരുന്ന ഇരുസംഘടനയിലെ പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷാവസ്ഥ ഒരു മണിക്കൂറോളം നീണ്ടു നിന്നു. സംഭവമറിഞ്ഞ് ഡി.വൈ.എഫ്.ഐ - സി.പി.എം. നേതാക്കളും കെ.എസ്.യു. - കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തി.

ഇതോടെ പോരിന് മൂര്‍ച്ച കൂടി. ലാത്തിച്ചാർജിനെ തുടർന്ന് പിരിഞ്ഞ് പോയ വിദ്യാര്‍ത്ഥി സംഘം ചൂണ്ടി കവലയില്‍ വീണ്ടും ഏറ്റുമുട്ടി. ആലുവ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തിയതോടെയാണ് സ്ഥിതി ശാന്തമായത്. സംഘര്‍ഷത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസവുമുണ്ടായി.