രുചിയേറിയ ഭക്ഷണങ്ങൾക്കൊപ്പം മികച്ച സൗകര്യങ്ങളും ഉറപ്പാക്കിയാണ് പ്രീമിയം കഫേയുടെ പ്രവർത്തനം. 

അങ്കമാലി: കുടുംബശ്രീയുടെ ആദ്യ പ്രീമിയം കഫേ എറണാകുളം അങ്കമാലിയിൽ പ്രവർത്തനം തുടങ്ങി. രുചിയേറിയ ഭക്ഷണങ്ങൾക്കൊപ്പം മികച്ച സൗകര്യങ്ങളും ഉറപ്പാക്കിയാണ് പ്രീമിയം കഫേയുടെ പ്രവർത്തനം. 

കുടുംബശ്രീ ഹോട്ടലുകൾ വലിയ ഹിറ്റായതോടെയാണ് പ്രീമിയം കഫേ തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രധാന നഗരങ്ങൾ എന്നിവിടങ്ങളിലാണ് പ്രീമിയം കഫേ തുടങ്ങുക. സാധാരണ കുടുംബശ്രീ ഹോട്ടലുകളേക്കാൾ സൗകര്യങ്ങൾ ഏറെയുണ്ട് കുടുംബശ്രീ കഫേകളിൽ. വാഹന പാർക്കിംഗ് സൗകര്യം, വെയ്റ്റിംഗ് എസി ലോഞ്ച്, ബില്ലിംഗിന് പ്രത്യേക സോഫ്റ്റ്‍വെയർ, ടേക്ക് എവേ കൗണ്ടറുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. മാങ്ങാക്കറി കൂട്ടിയുള്ള മിനി സദ്യയാണ് അങ്കമാലിയിലെ സ്പെഷ്യൽ. 

സർക്കാരിന്‍റെ സാമ്പത്തിക സഹായമുണ്ട് പ്രീമിയം കഫേകൾക്ക്. അങ്കമാലിയിലെ കഫേക്ക് 15 ലക്ഷം രൂപയാണ് സർക്കാർ നൽകിയത്. മെയ് 17ന് കുടുംബശ്രീ ദിനമാണ്. അപ്പോഴേക്കും എല്ലാ ജില്ലകളിലും പ്രീമിയം കഫേ ആരംഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഒരു കഫേയില്‍ 50 മുതൽ 60 പേർക്ക് വരെ ജോലി ലഭിക്കുമെന്ന് കുടുംബശ്രീ ഡയറക്ടർ ജാഫർ മാലിക് പറഞ്ഞു. 18 മണിക്കൂറാണ് പ്രീമിയം കഫേകളുടെ പ്രവർത്തനം. പ്രത്യേക പരിശീലനം നേടിയ കുടുംബശ്രീ പ്രവർത്തകരാണ് പ്രീമിയം കഫേ നടത്തുന്നത്. 

YouTube video player