ചെയ്യാത്ത കുറ്റത്തിന് ജപ്പാന്‍ കോടതി 12 വര്‍ഷം തടവിന് വിധിച്ചു. മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛനും അമ്മയും മുട്ടാത്ത വാതിലുകളില്ല. ഉള്ളതെല്ലാം വിറ്റ് പെറുക്കി അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു മരിക്കും മുമ്പെങ്കിലും മകനെ ഒരു നോക്ക് കാണാന്‍ കഴിയുമെന്നോര്‍ത്ത്... ഒടുവില്‍ മകനെ കാണാന്‍ പറ്റാതെ കുമാരേട്ടന്‍ യാത്രയായി..... 


കാസർകോട് : പത്ത് വർഷമായി ചെയ്യാത്ത കുറ്റത്തിന് ജപ്പാനിലെ ടോക്കിയോ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുന്ന മകനെ ഓർത്ത് കരയാൻ ലക്ഷ്മി അമ്മയ്‌ക്കൊപ്പം ഇനി കുമാരേട്ടനില്ല. മകനെയോർത്ത് മനസ് നീറി തളർന്നു പോയ കുമാരേട്ടൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. കാസർകോട് നീലേശ്വരം അടുക്കത്ത്‌ പറമ്പിലെ വി.കുമാരേട്ടൻ (74) ആണ് ഞായറാഴ്ച്ച ( 29.7.2018 ) മരണത്തിന് കീഴടങ്ങിയത്. 

ജപ്പാൻ ജയിലിൽ തടവിൽ കഴിയുന്ന ഇളയമകൻ മഹേന്ദ്രൻ തിരിച്ചു വരുന്നതും കാത്തു വീടിന്‍റെ ഉമ്മറത്ത് ഭാര്യ ലക്ഷ്മിക്കൊപ്പം കഴിഞ്ഞ പത്ത് വർഷമായി കണ്ണീരുമായി കാത്തിരിക്കുകയായിരുന്നു ഈ പിതാവ്. ജപ്പാൻ ജയിലിൽ കഴിയുന്ന ഇളയ മകനെ കണ്ണടയും മുമ്പ് കാണുന്നതിനായി ഉള്ളതെല്ലാം വിറ്റുപെറുക്കി നടത്തിയ ശ്രമവും പരാജയപ്പെട്ട് വീട്ടിൽ കിടപ്പിലായ കുമാരേട്ടനെക്കുറിച്ചും ലക്ഷ്മി അമ്മയെ കുറിച്ചും ഒരാഴ്ച മുൻപ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വാര്‍ത്ത നല്‍കിയിരുന്നു. 

പ്രയാധിക്യത്താലും കടുത്ത മാനസിക വിഷമത്താലും തളർന്നു പോയ കുമാരേട്ടന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മരിക്കുന്നതിന് മുമ്പ് മകൻ മഹേന്ദ്രനെ കാണണമെന്നത്. ഈ കാത്തിരിപ്പിന് ഹൃദയ രോഗിയായ ഭാര്യ ലക്ഷ്മിയും കൂട്ടുണ്ടായിരുന്നു. എന്നാൽ ഒരാഴ്ച മുൻപ് ആരോഗ്യം വഷളായ കുമാരനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ മകനെ കാണണമെന്ന ആഗ്രഹം ബാക്കിവെച്ച് കുമാരേട്ടൻ മരണത്തിന് കീഴടങ്ങി.

കുമാരേട്ടന്‍റെയും ലക്ഷ്മിയമ്മയുടെയും മൂന്ന് ആൻമക്കളിൽ ഇളയവനാണ് മഹേന്ദ്രൻ. മഹേന്ദ്രനെ സഹായിക്കാനായി ജപ്പാനിലെത്തിയ മറ്റൊരു മകൻ വിനോദിനും അച്ഛനെ അവസാനമായി ഒരു നോക്ക് കാണാൻ കഴിഞ്ഞില്ല. മൊബൈലിൽ വീഡിയോ കോളിലൂടെയാണ് ബന്ധുക്കൾ വിനോദിനെ അവസാനമായി പിതാവിനെ കാണിച്ചത്. 64 വയസ് പിന്നിട്ട ലക്ഷ്മിയമ്മയ്ക്ക് അച്ഛന്‍റെ മരണാനന്തര ചടങ്ങുകളിലെങ്കിലും പങ്കെടുക്കാൻ മക്കൾ എത്തണമെന്നാണ് ആഗ്രഹം. ഇതിനായി ഈ അമ്മ ഏവരുടെയും സഹായം അഭ്യർത്ഥിക്കുകയാണ്.

അടുക്കത്ത്‌ പറമ്പിലെ കുമാരന്‍റെയും ലക്ഷ്മിയുടെയും മൂന്ന് ആണ്മക്കളിൽ ഏറ്റവും ഇളയവനായ മഹേന്ദ്ര കുമാർ 1999-ലാണ് തൊഴിൽ തേടി ജപ്പാനിലേക്ക് പോയത്. ദരിദ്ര കുടുംബത്തെ കരകയറ്റാനായി മഹേന്ദ്രൻ പതിനെട്ട് വയസ് തികഞ്ഞതോടെ സുഹൃത്ത് മുഖേന ജപ്പാനിൽ എത്തി. ആദ്യം ഒരു കമ്പനിയിൽ ജോലിക്ക് കയറി. നീണ്ട ഒൻപത് വർഷം ഈ കമ്പനിയിൽ ജോലി ചെയ്ത മഹേന്ദ്രൻ ജപ്പാനിൽ സ്വന്തമായൊരു ഹോട്ടൽ ബിസിനസ് ആരംഭിച്ചു. ഇതിനായി അമ്മ ലക്ഷ്‌മിയുട പേരിലുള്ള 30 സെന്‍റ് സ്ഥലവും വീടും ബാങ്കിൽ പണയപ്പെടുത്തി 15 ലക്ഷം രൂപയും മഹേന്ദ്രൻ ജപ്പാനിലേക്ക് കൊണ്ട് പോയി.

വർഷങ്ങളുടെ അധ്വാന ഫലം കൊണ്ട് മഹേന്ദ്രൻ ജപ്പാനിൽ തുടങ്ങിയ ഹോട്ടലിലേക്ക് ജോലിക്കായി രണ്ട് സഹോദരന്മാരും വിമാനം കയറി. ദരിദ്ര കുടുംബം പച്ചപിടിച്ച് വരുന്നതിനിടയിലാണ് കേസും ജയിലുമെല്ലാം മഹേന്ദ്രന്‍റെ ജീവിതം മാറ്റിമറിച്ചത്. ഹോട്ടലിലേക്ക് താൽക്കാലിക വിസയിൽ എത്തിയ തിരുവനന്തപുരം സ്വദേശികൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെട്ടതായിരുന്നു മഹേന്ദ്രൻ. ജാപ്പനീസ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്ന മഹേന്ദ്രനെ അടുത്ത സുഹൃത്തുക്കൾ പ്രശ്നത്തിലിടപെടാന്‍ വിളിച്ചു വരുത്തിയതായിരുന്നു.

തർക്കം സംഘർഷത്തിലേക്ക് നീങ്ങി, കത്തികുത്തില്‍ അവസാനിക്കുകയായിരുന്നു. പോലീസെത്തുമ്പോഴേക്കും പ്രശ്നമുണ്ടാക്കിയവർ ഓടി രക്ഷപ്പെട്ടു. തെറ്റ്‌ ചെയ്യാത്തതിനാൽ മഹേന്ദ്രൻ അവിടെ തന്നെ നിന്നു. എന്നാല്‍ പൊലീസിന് പിടികൊടുക്കാതെ പ്രശ്നമുണ്ടാക്കിയവർ നാട്ടിലേക്ക് മടങ്ങിയത് മഹേന്ദ്രന് തിരിച്ചടിയായി. സംഘർഷത്തിൽ ജപ്പാൻ പോലീസ് മഹേന്ദ്രൻ കുറ്റക്കാരനാണെന്ന് സ്ഥിതീകരിച്ച് അറസ്റ്റു ചെയ്തു. പിന്നീട് ജപ്പാൻ കോടതി നാലുപേരെ കുത്തി പരിക്കേൽപ്പിച്ചു എന്ന കേസിൽ മഹേന്ദ്രനെ പന്ത്രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. 2009 നവംബർ മാസം പതിനേഴിനാണ്‌ കോടതിയുടെ വിധിയുണ്ടായത്.

മഹേന്ദ്രനെ രക്ഷിക്കാൻ അവിടെയുണ്ടായിരുന്ന രണ്ട് സഹോദരങ്ങളും മറ്റ് സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അനുജനെ രക്ഷിക്കാൻ സഹോദരങ്ങള്‍ ഹോട്ടൽ പണയപ്പെടുത്തിയും മറ്റും പണം കണ്ടെത്തി. ഇതിനിടയിൽ മഹേന്ദ്രന്‍റെ സഹോദരങ്ങൾക്കും ജോലി നഷ്ടപ്പെട്ടു. അങ്ങനെ ഇവർക്ക് നാട്ടിലേക്ക് തിരികെ വരേണ്ടി വന്നു. ഇതിൽ രണ്ടാമത്തെ മകൻ വിനോദ് തിരികെ ജപ്പാനിലേക്ക് പോയെങ്കിലും ജോലിയുള്ള വിസയൊന്നും ലഭിച്ചില്ല. ഒൻപത് വർഷമായി അനിയനെ പുറത്തിറക്കാനായി വിനോദും ജപ്പാനിലാണ്. 

വിനോദിന് ചില സുഹൃത്തുക്കൾ വഴി ലഭിക്കുന്ന പാർടൈം ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് ഇവരുടെ കുടുംബത്തെ ഇപ്പോള്‍ പട്ടിണിയില്ലാതെ നിലനിര്‍ത്തുന്നത്. വിനോദിന് നാട്ടിൽ ഭാര്യയും കുട്ടികളുമുണ്ട്. ജപ്പാനിൽ പോയി സ്വന്തമായി ബിസിനസ് തുടങ്ങി നല്ലനിലയിലേക്ക് നീങ്ങുന്നതിനിടയിൽ വീട്ടുകാർ മഹേന്ദ്രന്‍റെ വിവാഹം നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു. എന്നാല്‍ മഹേന്ദ്രൻ ജയിലിലായതോടെ അതും മുടങ്ങി. ജപ്പാൻ ജയിലിൽ നിന്നും മകനെ പുറത്തിറക്കാൻ കുമാരനും ലക്ഷ്മിയും ഉള്ളതെല്ലാം വിറ്റുപെറുക്കി ഇപ്പോൾ കടക്കെണിയിലാണ്. 

ജപ്പാൻ ജയിലിൽ കഴിയുന്ന മകനെ മോചിപ്പിക്കാൻ കുമാരനും ലക്ഷ്മിയും ചെന്നു കാണാത്ത ഭരണാധികാരികൾ ഇല്ല. ഏറ്റവും ഒടുവിലായി പി.കരുണാകരൻ എം.പിയുടെ സഹായത്തോടെ മുന്‍ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിനെ വരെ സമീപിച്ച് ലക്ഷ്മി അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ്, വിദേശകര മന്ത്രിയായിരുന്ന എസ്.എം.കൃഷണ, പ്രവാസികാര്യ മന്ത്രിയായിരുന്ന വയലാർ രവി, മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ, പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി തുടങ്ങി പ്രമുഖരെയെല്ലാം നേരിട്ട് കണ്ട് പരാതി പറഞ്ഞെങ്കിലും കുമാരേട്ടന് മരിക്കും മുമ്പ് മകനെ ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല.