ഏറ്റുമുട്ടലില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് സുമംഗലയെന്ന ആനക്ക് ചികിത്സ നല്‍കി.

സുല്‍ത്താന്‍ബത്തേരി: സുമംഗലക്കും ചേരമ്പാടി ശങ്കരനുമിടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ അതിരൂക്ഷമാകാന്‍ മിനിറ്റുകള്‍ മാത്രമെ വേണ്ടി വന്നുള്ളു. രണ്ടാളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ആപ്പിലായത് പാപ്പാന്‍മാരും. തമിഴ്‌നാട്ടിലെ മുതുമല തെപ്പെക്കാട് ആനപരിപാലന കേന്ദ്രത്തിലെ കുങ്കിയാനകളാണ് തമ്മില്‍ ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ആനകള്‍ ഇടഞ്ഞതോടെ ഏറെ സാഹസപ്പെട്ടാണ് പാപ്പാന്‍മാര്‍ എല്ലാവരും ചേര്‍ന്നു ഇരുവരെയും ദൂരേക്ക് മാറ്റിയത്.

ഏറ്റുമുട്ടലില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് സുമംഗലയെന്ന ആനക്ക് ചികിത്സ നല്‍കി. രണ്ട് ആനകളുടെ പാപ്പാന്മാര്‍ ഏറെ പണിപ്പെട്ട് രണ്ടാനകളെയും പെട്ടെന്ന് തന്നെ തളച്ചതിനാല്‍ തര്‍ക്കം ഒതുങ്ങി. വിവരമറിഞ്ഞ് മുതുമല ഫോറസ്റ്റ് റേഞ്ചര്‍ എസ്. മേഘല ക്യാമ്പിലെത്തി ആനകളെ പരിശോധിച്ചു. മുതുമലയിലെ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍ രാജേഷ്‌കുമാര്‍ സുമംഗലയെ ചികിത്സിച്ചു. ആനക്ക് ഏറ്റുമുട്ടലില്‍ നിസാര പരിക്കേറ്റിട്ടുണ്ടെങ്കിലും മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. നീലഗിരി ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിലിറങ്ങി നിരന്തരം ശല്യമായിരുന്ന മുപ്പത് ആനകളെയാണ് പരിശീലനം നല്‍കി പരിപാലന കേന്ദ്രത്തില്‍ കുങ്കിയാനകളാക്കി സംരക്ഷിച്ചു പോരുന്നത്. എല്ലാ ആനകള്‍ക്കും പരിപാലിക്കാനും മറ്റുമുള്ള ജോലിക്കാരുമുണ്ട്.

കേന്ദ്രത്തിലുള്ള എല്ലാ ആനകള്‍ക്കും ദിവസവും രാവിലെയും വൈകുന്നേരവും വനംവകുപ്പ് അവര്‍ക്ക് അരി, റാഗി എന്നിവയുള്‍പ്പെടെ പാകംചെയ്ത ഭക്ഷണം നല്‍കുന്നുണ്ട്. മറ്റു സമയങ്ങളില്‍ കുങ്കിയാനകളെയെല്ലാം വനമേഖലയിലേക്ക് മേയാന്‍ വിടാറുണ്ട്. പകുതി കാട്ടാനകളായും എന്നാല്‍ വനത്തിലേക്ക് പൂര്‍ണമായി വിട്ടുകൊടുക്കാതെയുമാണ് ഈ ആനകളെയെല്ലാം പരിശീലിപ്പിച്ചിരിക്കുന്നത്.