രണ്ട് ദിവസം ചെലവഴിച്ച് അങ്ങിങ്ങ് പഞ്ഞി കെട്ടുകൾ പോലെ പാറി കളിക്കുന്ന നിർമ്മലമായ ആകാശവും, തെങ്ങുകളും, ഇതര വൃക്ഷങ്ങളും പാടവും, പറമ്പും, പുഴകളും അടുത്ത് നിന്ന് നോക്കി കാണാനും, മകരമഞ്ഞിന്റെ കുളിരിൽ നിലാവും നിശാഗന്ധിയും നക്ഷത്ര പൂക്കളും ആവോളം അനുഭവിക്കാനും ക്യാമ്പിലൂടെ കുട്ടികൾക്ക് കഴിഞ്ഞു
കോഴിക്കോട്: ചലന പരിമിതി നേരിടുന്നവരും, തീവ്രമായ ചലന പരിമിതി മൂലം വിദ്യാലയ പ്രവേശനം സാധിക്കാത്തതുമായ വിദ്യാർത്ഥികൾക്ക് പ്രകൃതിയെ പാഠപുസ്തകമാക്കാൻ സാഹസിക ക്യാമ്പ് ഒരുക്കി മാതൃകയാവുകയാണ് കുന്നുമ്മൽ ബി ആർ സി. ഇത്തരം കുട്ടികൾക്ക് പ്രകൃതിയെ അറിയുവാനും, അനുഭവിക്കുവാനും, ആസ്വദിക്കുവാനുമാണ് പത്തേക്കറിലും, ഉറിതൂക്കി മലയിലുമായി സഹവാസ ക്യാമ്പ് ഒരുക്കിയത്. 26 ന് ഉറിതൂക്കി മലയിൽ വിദ്യാർത്ഥികളെ എത്തിക്കാൻ നാട്ടിലെ യുവാക്കളും ഒത്തുചേർന്നു.
തങ്ങളുടെ ജന്മനാട്ടിലെ ഏറ്റവും ഉയരം കൂടിയ ഒരിടത്ത് രണ്ട് ദിവസം ചെലവഴിച്ച് അങ്ങിങ്ങ് പഞ്ഞി കെട്ടുകൾ പോലെ പാറി കളിക്കുന്ന നിർമ്മലമായ ആകാശവും, തെങ്ങുകളും, ഇതര വൃക്ഷങ്ങളും പാടവും, പറമ്പും, പുഴകളും അടുത്ത് നിന്ന് നോക്കി കാണാനും, മകരമഞ്ഞിന്റെ കുളിരിൽ നിലാവും നിശാഗന്ധിയും നക്ഷത്ര പൂക്കളും ആവോളം അനുഭവിക്കാനും ക്യാമ്പിലൂടെ കുട്ടികൾക്ക് കഴിഞ്ഞു. നക്ഷത്ര നിരീക്ഷണവും, ഗാനവിരുന്നും ,ക്യാമ്പ്ഫയറും, രക്ഷിതാക്കൾക്കുള്ള പഠന ക്ലാസുകളും ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.
രക്ഷിതാക്കൾക്കുള്ള പഠന ക്ലാസിന് ഡോ സച്ചിത്ത് നേതൃത്വം നൽകി. ഉറിതൂക്കി മലയിൽ എത്തിയ വിദ്യാർത്ഥികൾ മലമുകളിൽ ഇന്ത്യൻ പതാക ഉയർത്തി സ്വാതന്ത്യം പ്രഖ്യാപിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെയും, ജനമൈത്രി പൊലീസിന്റെയും, പാലിയേറ്റീവ് പ്രവർത്തകരുടെയും ഫോറസ്റ്റ്, ഹെൽത്ത് ഡിപ്പാർട്ട്മെൻറുകളുടെയും സഹായത്തോടെയായിരുന്നു ക്യാമ്പ്.
ക്യാമ്പിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത്ത്, ഡി വൈ എസ് പി സുനില്‍ കുമാര്‍, കുറ്റ്യാടി സി ഐ സുനില്‍ കുമാര്‍, ബി പി ഒ സുനില്‍, ഷൈനി, സതീഷൻ, ബിന്ദു, വേണുഗോപാല്‍, ശഹനാസ്, സുനിൽകുമാർ, രഞ്ജിനി, ഷൈബി , ലത, ജയ, ഷാജി, ഋഷീദ്, മഹേഷ് എന്നിവരാണ് നേതൃത്വം നല്‍കിയത്.
