മാവേലിക്കര: വയോജന ദിനത്തിൽ പിതാവിനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍, തെക്കേക്കര ഉമ്പര്‍നാട് കാക്കാനപ്പള്ളില്‍ കിഴക്കതില്‍ രതീഷി(29)നെ പൊലീസ് പിടികൂടി.  കുറത്തികാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

താന്‍ സൂക്ഷിച്ചുവച്ചിരുന്ന മദ്യം എടുത്തെന്നാരോപിച്ചാണ് ഒക്‌ടോബർ ഒന്നിന് പിതാവ് രഘുവിനെ രതീഷ് മര്‍ദ്ദിച്ചത്. ദൃക്‌സാക്ഷികളിലൊരാള്‍ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ ഗ്രീന്‍കേരള എന്ന ഫേസ്ബുക്ക് പേജില്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ മുജീബ് റഹ്മാന്‍, പോസ്റ്റ് ചെയ്തു. ഈ വീഡിയോ പിന്നീട് വൈറലായി.

വീഡിയോ ശ്രദ്ധയിൽപെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രതീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടര്‍ന്ന് രതീഷിനെതിരെ വധശ്രമത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രതീഷ് പിതാവിനെ അസഭ്യം പറഞ്ഞ് ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. 

സംഭവത്തിനു ശേഷം ഒളിവില്‍ പോയ രതീഷിനായി പോലീസ് തെരച്ചിൽ നടത്തി. കഴിഞ്ഞ ദിവസം ചുനക്കരയിലെ പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് കുറത്തികാട് എസ്‌ഐ എസി വിപിനാണ് രതീഷിനെ പിടികൂടിയത്. ഇയാള്‍ മുമ്പ് മാവേലിക്കരയില്‍ കഞ്ചാവ് കേസിലും പ്രതിയായിട്ടുണ്ട്.