തൃശൂര്‍: കുതിരാന്‍ തുരന്നവര്‍ പണം കിട്ടാതെ പണി നിര്‍ത്തി. ഹിമാചലില്‍ പോയി തുടങ്ങിയ നിര്‍മാണവും പാതിയിലുപേക്ഷിച്ചു. ദേശീയപാത അതോറിറ്റിയുടെ കരാറുകാരായ കെഎംസി കമ്പനിയില്‍ നിന്ന് ഉപകരാര്‍ പ്രകാരം തുരങ്കനിര്‍മാണം ഏറ്റെടുത്ത 'പ്രഗതി' എന്ന കമ്പനി ഇവിടത്തെപ്പോലെ അവിടെയും ഗതികിട്ടാതോടുകയാണ്.

പണം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഹിമാചലിലെ മാണ്ടിയിലും തുരങ്കനിര്‍മ്മാണം ആരംഭിച്ച പ്രഗതി കമ്പനിക്ക് പണി പാതിയിലുപേക്ഷിക്കേണ്ടിവന്നു. അവിടെ രണ്ടുവരിപ്പാതയില്‍ നിര്‍മിക്കുന്ന തുരങ്കത്തിനായി ഒന്നര വര്‍ഷം മുമ്പാണ് പണി തുടങ്ങിയത്. എട്ടു കിലോമീറ്റര്‍ തുരങ്കപാത നിര്‍മാണമായിരുന്നു കരാര്‍. കെഎംസിക്കു പുറമേ അഫ്‌കോണ്‍ കമ്പനികള്‍ക്കാണ് അവിടെയും ദേശീയപാത നിര്‍മാണ കരാര്‍ ലഭിച്ചത്. 

42 കോടി രൂപയാണ് കുതിരാനില്‍ പ്രഗതിക്ക് ലഭിക്കാനുണ്ടായിരുന്നത്. ഇതോടെ അഫ്‌കോണുമായുള്ള കരാര്‍ പ്രഗതി കമ്പനി അവസാനിപ്പിക്കുകയായിരുന്നു. ഒപ്പം കെഎംസിയുമായുള്ള കരാറും പുനഃപരിശോധനയിലാണ്.  കുതിരാനില്‍ ഫണ്ടിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിര്‍മ്മാണം നിലച്ചതോടെ തൊഴിലാളികളെ ഹിമാചലിലേക്ക് മാറ്റുകയായിരുന്നു. 

രണ്ട് തുരങ്കങ്ങളാണ് കുതിരാനിലും പ്രഗതിയുടെ നിയന്ത്രണത്തില്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ ആദ്യ തുരങ്കത്തിന്റെ പണികള്‍ മുക്കാല്‍ഭാഗത്തോളം പൂര്‍ത്തിയായി. രണ്ടാം തുരങ്കത്തിന്റെ നിര്‍മ്മാണവും ഏറെ മുന്നോട്ടുപോയിരുന്നു. 11 മാസമായി തുരങ്കനിര്‍മാണം നിലച്ചിരിക്കുകയാണ്. ബാങ്കുകളില്‍നിന്ന് പണം ലഭിക്കാത്തതിനാലാണ് പണം നല്‍കാന്‍ വൈകുന്നതെന്നാണ് കെഎംസി കമ്പനി അധികൃതരുടെ വാദം. 

95 ശതമാനം പണി പൂര്‍ത്തിയായ ആദ്യ തുരങ്കംപോലും തുറക്കാനായിട്ടില്ല. പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പല തവണ ഇടപെട്ടു. എന്നാല്‍, കേന്ദ്രസര്‍ക്കാരും ദേശീയപാത അതോറിറ്റി അധികൃതരും തികഞ്ഞ അനാസ്ഥ തുടരുകയാണ്. തുരങ്കത്തിന് ആകെ 992 മീറ്റര്‍ നീളമുണ്ട്. 14 മീറ്റര്‍ വീതിയില്‍ 10 മീറ്റര്‍ ഉയരത്തിലാണ് തുരങ്കം. 150 കോടിയായിരുന്നു പഴയ സ്‌കെച്ച് പ്രകാരമുള്ള എസ്റ്റിമേറ്റ് തുക.കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി സുധാകരന്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്കും ദേശീയപാത അതോറിറ്റി ചെയര്‍മാനും കത്തയച്ചിരുന്നു.