ഇടുക്കി: കുറ്റിയാര്‍വാലിയില്‍ തൊഴിലാളികള്‍ക്ക് അനുവദിച്ച ഭൂമി വിതരണത്തിനായി ഒരുങ്ങുന്നു. തലസ്ഥാനത്ത് റവന്യു മന്ത്രിയുടെ നേത്യത്വത്തില്‍ കൂടിയ യോഗത്തില്‍ കുറ്റിയാര്‍വാലി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശനെ ചുമതലപ്പെടുത്തിയിരുന്നു.

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ദേവികുളം സബ് കളക്ടര്‍ രേണുരാജ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ദേവികുളം തഹസില്‍ദ്ദാര്‍ സര്‍വേ ഉദ്യോഗസ്ഥര്‍, അഡീഷനല്‍ തഹസില്‍ദ്ദാര്‍, കെ ഡി എച്ച് വില്ലേജ് ഓഫീസര്‍ എന്നിവര്‍ കുറ്റിയാര്‍വാലിയില്‍ നേരിട്ടെത്തി ഭൂമി അളന്നുതിട്ടപ്പെടുത്തുന്ന നടപടികള്‍ ആരംഭിച്ചിരുന്നു. കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതിനാല്‍ മുഴുവന്‍ ഭൂമിയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കാടുകള്‍ വെട്ടിതെളിക്കുകയായിരുന്നു ആദ്യനടപടി. എന്നാല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേത്യത്വത്തില്‍ പട്ടയം ലഭിച്ചവര്‍ ബുധനാഴ്ച രാവിലെ ഭൂമിയിലെ കളകള്‍ നീക്കിതുടങ്ങി. പാര്‍ട്ടി കൊടികളുമായാണ് തൊഴിലാളികള്‍ പണികള്‍ ആരംഭിച്ചത്. എന്നാല്‍, ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലെത്തിയ സംഘം കൊടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ കൊടികള്‍ ഒഴിവാക്കിയാണ് തൊഴിലാളികള്‍ പണികള്‍ തുടര്‍ന്നു. വിഎസ് സര്‍ക്കാരിന്റെ കാലത്ത് 2300 പേര്‍ക്കാണ് കുറ്റിയാര്‍വാലിയില്‍ അഞ്ച് സെന്റ് ഭൂമി അനുവദിച്ചത്.

ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ വിതരണം മരവിപ്പിച്ചു. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് തൊഴിലാളികള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയെങ്കിലും ഫലമുണ്ടായില്ല. ലോക്സഭ തെരഞ്ഞെടപ്പിനോട് അനുബന്ധിച്ച് തൊഴിലാളികള്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും യൂണിയനുകള്‍ ഇടപ്പെട്ട് പിന്തിരിപ്പിച്ചു.

കഴിഞ്ഞ ദിവസം മൂന്നാറില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശിന്റെ നേത്യത്വത്തില്‍ കൂടിയ യോഗത്തിലാണ് കുറ്റിയാര്‍വാലി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യമുയര്‍ന്നത്. ഇതോടെയാണ് ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിയുടെ നേത്യത്വത്തില്‍ നടപടികള്‍ സ്വീകരിച്ചത്. ഓഗസ്റ്റ് അവസാനത്തോടെ ഭൂമി വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പുഴയുടെ തീരത്ത് അനുവദിച്ചിരിക്കുന്ന ഭൂമി ഒഴിവാക്കി ഇത്തരക്കാര്‍ക്ക് പകരം സ്ഥലം നല്‍കും.

പ്രളയത്തില്‍ ഭൂമി നഷ്ടപ്പട്ടവര്‍ക്കും കുറ്റിയാര്‍വാലിയില്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. റവന്യു മന്ത്രി നേരിട്ടെത്തിയാവും ഭൂവിതരണം നടപ്പിലാക്കുക. മൂന്നാറിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ദേവികുളം സബ് കളക്ടറുടെ കീഴില്‍ നാലംഗംസംഘത്തെയാണ് നിയോഗിച്ചിട്ടുണ്ട്.