Asianet News MalayalamAsianet News Malayalam

കുവീ... പളനിയമ്മ നീട്ടി വിളിച്ചു, അവള്‍ ഓടിയെത്തി നെഞ്ചോടണഞ്ഞു, മുന്നാറിനെ കണ്ണീരണിയിച്ചു സംഗമം

ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വേദനയുടെ മുറിപ്പാടുകളുമായി കഴിയുന്ന പളനിയമ്മയുടെ വിളി കേട്ടയുടന്‍ തന്നെ കുവി ആ ശബ്‍ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് ഓടിയെത്തുകയായിരുന്നു. പിന്നീട് മനുഷ്യനും വളര്‍ത്തു മൃഗങ്ങളും തമ്മിലുള്ള സ്‌നേഹം വെളിപ്പെടുത്തുന്ന വിവിധ ദൃശ്യങ്ങള്‍ മൂന്നാറിനെയാകെ കണ്ണീരണിയിച്ചു

kuvi pet dog met palaniyamma after 8 months
Author
Munnar, First Published Apr 17, 2021, 3:25 PM IST

ഇടുക്കി: കുവീ... നീട്ടിയുള്ള പളനിയമ്മയുടെ ആ വിളി... എട്ടു മാസം മുമ്പ് കേട്ട ആ ശബ്‍ദം മതിയായിരുന്നു കുവിക്ക് തന്‍റെ ഉടമയെ തിരിച്ചറിയാന്‍. വിളി കേട്ടതോടെ കുവി വാത്സല്യത്തോടെ പളനിയമ്മയുടെ അടുത്തേക്ക് ഓടിയെത്തി. പളനിയമ്മയ്ക്കൊപ്പം കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി ഈ ഹൃദയസ്പര്‍ശിയായ കാഴ്ച.

ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വേദനയുടെ മുറിപ്പാടുകളുമായി കഴിയുന്ന പളനിയമ്മയുടെ വിളി കേട്ടയുടന്‍ തന്നെ കുവി ആ ശബ്‍ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് ഓടിയെത്തുകയായിരുന്നു. പിന്നീട് മനുഷ്യനും വളര്‍ത്തു മൃഗങ്ങളും തമ്മിലുള്ള സ്‌നേഹം വെളിപ്പെടുത്തുന്ന വിവിധ ദൃശ്യങ്ങള്‍ മൂന്നാറിനെയാകെ കണ്ണീരണിയിച്ചു.

ഉടമയുടെ അടുത്ത് മടങ്ങിയെത്തിയ സന്തോഷത്തിന്റെ നിമിഷങ്ങളിലും കുവിയുടെ മനസ്സ് നൊമ്പരപ്പെട്ടതും വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. കഴിഞ്ഞ എട്ടു മാസം തന്നെ പരിചരിക്കുയും പരിപാലിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ വിട്ടു പിരിയുന്നതിന്റെ വേദനയായിരുന്നു അതിനു കാരണം. ഇത് കണ്ട് നിന്നവരുടെയെല്ലാം മനസ് എട്ട് മാസം മുമ്പ് നാടിനെ നടുക്കിയ ആ ദുരന്ത ദിവസങ്ങളിലേക്ക് ഒരുനിമിഷം യാത്ര ചെയ്തിരിക്കണം.

kuvi pet dog met palaniyamma after 8 months

ഹൃദയഭേദകങ്ങളായ പെട്ടിമുടിയിലെ കാഴ്ചകള്‍ക്കിടയില്‍ കുവിയെന്ന നായ തന്റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെക്കാന്‍ സഹായിച്ചതും പിന്നീട് ഭക്ഷണം കഴിക്കാതെ അവശനിലയിലായ നായയെ പൊലീസ് സേന ഏറ്റെടുത്ത് കൊണ്ടു പോയതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ എല്ലാവരുടെയും മനസില്‍ മായാതെയുണ്ട്. അന്ന് പെട്ടിമുടി ദുരന്തത്തിനു ശേഷമുള്ള നാലാം ദിനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.

ഈ സമയത്താണ് നിര്‍ത്താതെ കുരയ്ക്കുന്ന കുവിയെ രക്ഷാപ്രവര്‍ത്തകര്‍ കാണുന്നത്. കുര കേട്ട് ഓടിയെത്തിയപ്പോള്‍ പുഴയില്‍ വീണു കിടന്ന മരത്തില്‍ തങ്ങിയ നിലയില്‍ രണ്ടു വയസ്സുകാരി ധനുഷ്‌കയെന്ന തനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തന്നോടൊപ്പം കളിച്ചു ചിരിച്ചു നടന്നിരുന്ന തനുവിനെ നഷ്ടപ്പെട്ട കുവിയുടെ ദുഖം മാധ്യമങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞു. ഇതോടെയാണ് ഇടുക്കി ജില്ലാ പൊലീസ് സേനയിലെ ശ്വാനപരിശീലകനായ അജിത് മാധവന്‍ കുവിയെ ഏറ്റെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. മേലുദ്യോഗസ്ഥരുടെ അനുവാദത്തോടെ ഓഗസ്റ്റ് 20ന് കുവി പോലീസ് സേനയോടൊപ്പം പെട്ടിമുടിയിലെ മലയിറങ്ങുകയായിരുന്നു.

kuvi pet dog met palaniyamma after 8 months

ദുരന്തത്തിനു ശേഷം ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന പളനിയമ്മയ്ക്ക് കുവിയെ മറക്കാനാവാതെ വന്നതോടെ പൊലീസ് സേനയുടെ ഭാഗമായ തന്‍റെ നായയെ വീണ്ടുകിട്ടുവാന്‍ ഡിജിപിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം ഇടുക്കി പൊലീസ് നായ പരിശീലന സംഘത്തിന്റെ ഭാഗമായ എസ്ഐ റോയ് തോമസ്, പരിശീലകരായ സജി ജോണ്‍, രാജീവ്, ജെറി ജോണ്‍, ഡയസ് പി ജോസ് എന്നിവരടങ്ങുന്ന സംഘമാണ് കുവിയെ മൂന്നാറിലെത്തിച്ചത്. മൂന്നാര്‍ ഡിവൈഎസ്പി ആര്‍. സുരേഷ് ആയിരുന്നു കുവിയെ കൈമാറിയത്. മൂന്നാര്‍ എസ്ഐ എം സൂഫി, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Follow Us:
Download App:
  • android
  • ios