20 വർഷത്തോളം കൊളുന്തെടുത്ത് ജീവിച്ചു. ഇപ്പോൾ 25 വർഷമായി ജോലിയില്ലെന്ന് തോട്ടം തൊഴിലാളിയായ മീനാക്ഷിയമ്മ പറഞ്ഞു. 45 വർഷം മുമ്പ് ചിലന്തയാറിലെത്തിയതാണ് മീനാക്ഷിയമ്മയുടെ കുടുംബം.
പീരുമേട്: തേയിലത്തോട്ടങ്ങൾ അടച്ചുപൂട്ടിയതോടെ ദുരിതത്തിലായ ധാരാളം തൊഴിലാളി കുടുംബങ്ങളുണ്ട് ഇടുക്കിയിലെ ചീന്തലാറിൽ. വരുമാന മാർഗമില്ലാതെ എങ്ങോട്ട് പോകണമെന്ന് അറിയാത്ത ദുരവസ്ഥയിലാണ് തൊഴിലാളികൾ. കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടില്ല, വരുമാനമില്ലാതെ പ്രതിസന്ധിയിലായ തങ്ങളുടെ കണ്ണീർ ആരു കാണുമെന്നാണ് ചീന്തലാർ ലയത്തിലുള്ളവർ ചോദിക്കുന്നത്. തോട്ടം മേഖലയിൽ ആദ്യമായി അടച്ചുപൂട്ടലുണ്ടായ സ്ഥലമാണ് ചീന്തലാർ. 25 വർഷം മുമ്പാണ് എസ്റ്റേറ്റ് അടച്ച് പൂട്ടിയത്.
ചീന്തലാറിലെ തൊഴിലാളികളിൽ കൂടുതലും തമിഴ്നാട്ടുകാരാണ്. ജോലിക്ക് വന്ന് സ്ഥിരതാമസമാക്കിയവരും, ഇവിടെ ജനിച്ച വളർന്നവരുമായ നിരവധി പേരാണ് ദാരിദ്രമനുഭവിച്ച്, കയറിക്കിടക്കാൻ സുരക്ഷിതമായ ഇടമില്ലാതെ ദുരിതമനുഭവിക്കുന്നത്. 20 വർഷത്തോളം കൊളുന്തെടുത്ത് ജീവിച്ചു. ഇപ്പോൾ 25 വർഷമായി ജോലിയില്ലെന്ന് തോട്ടം തൊഴിലാളിയായ മീനാക്ഷിയമ്മ ഏഷ്യാനെറ്റ് ന്യൂസ് ലൗഡ് സ്പീക്കർ സംഘത്തോട് പറഞ്ഞു. 45 വർഷം മുമ്പ് ചിലന്തയാറിലെത്തിയതാണ് മീനാക്ഷിയമ്മയുടെ കുടുംബം.
ലയങ്ങൾ ഭൂരിഭാഗവും മേൽക്കൂര തകർന്ന നിലയിലാണ്. പല ലയങ്ങളുടേയും മുകളിൽ പ്ലാസ്റ്റിക് വലിച്ച് കെട്ടിയാണ് മഴയെയും വെയിലിനേയും പ്രതിരോധിക്കുന്നത്. ചുവരുകൾ ഇടിഞ്ഞ് വീഴാറായ നിലയിലാണ് മിക്ക വീടുകളും. രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരുമൊക്കെ വന്ന് എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് പോയി. പക്ഷേ ആരും സഹായിച്ചില്ല. ഇപ്പോൾ പുറത്ത് ജോലിക്ക് പോയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലെങ്കിലും തങ്ങൾക്ക് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിാണ് തൊഴിലാളികൾ.



