തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രസവ ശേഷം ചികിത്സാ പിഴവിൽ യുവതി മരിച്ചെന്ന് ആരോപിച്ച് സ്വകാര്യ ആശുപത്രിയിക്കെതിരെ ബന്ധുക്കൾ. ഗുരുതരാവസ്ഥയിലായ യുവതിയെ മറ്റൊരു ആശുപത്രയിലേക്ക് റഫർ ചെയ്യാൻ തയ്യാറായില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. യുവതിയുടെ മരണവിവരം അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

പാച്ചലൂർ സ്വദേശിയായ നീതുവാണ് കോവളത്തെ ഗൗരീഷാ ആശുപത്രിയിൽ വച്ച് മരിച്ചത്. പ്രസവവേദനയെ തുടർന്ന് ഇന്ന് രാവിലെയാണ് യുവതി ഭർത്താവിനൊപ്പം ആശുപത്രിയിൽ എത്തിയത്. ഉടനെ തന്നെ ലേബർ റൂമിലേക്ക് മാറ്റി. പ്രസവത്തിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളായെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. എന്നാൽ ഏറെ നേരം ആവശ്യപ്പെട്ടിട്ടും യുവതിയെ കാണാൻ ബന്ധുക്കളെ  അനുവദിച്ചില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കൾ ആവശ്യപ്പെട്ടിവെങ്കിലും ഇതിനും തയ്യാറായില്ല. തുടർന്ന് ബലംപ്രയോഗിച്ച് ലേബർ റൂമിൽ കയറിയപ്പോഴാണ് യുവതി മരിച്ചതായി മനസിലായതെന്ന് ബന്ധുക്കൾ പറയുന്നു.

ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ആർഡിഒയുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്താമെന്ന ഉറപ്പിന്മേൽ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അപത്രീക്ഷിതമായി രക്തസമ്മർദ്ദം ഉയർന്നത് മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം.