സ്‌കൂളില്‍ നേരിട്ടെത്തി നോട്ടുകള്‍ എഴുതി വീണ്ടും അമ്മ ലക്ഷ്മിയെ പഠിപ്പിച്ചു. പ്ലസ് വണ്ണിനു ശേഷം പ്ലസ് ടു പഠനവും തുടര്‍ന്നു. അമ്മയുടെ സഹായത്തോടെ പാഠങ്ങള്‍ മനപാഠമാക്കി...

ആലപ്പുഴ: ദിവസവും ഫിസിയോതെറാപ്പി ചെയ്യുന്നതിനിടയിലും മനക്കരുത്തോടെ പഠനം പൂര്‍ത്തിയാക്കിയ ലക്ഷ്മി എല്ലാവര്‍ക്കും ഒരു മാതൃകയാണ്. 2006ല്‍ ആലപ്പുഴ എസ് ഡി വി സെന്‍ട്രല്‍ സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ലക്ഷ്മി അന്ന് മുതല്‍ കിടപ്പിലാണ്. 

തുടര്‍പഠനം അസാധ്യമാകുമെന്നായപ്പോള്‍ സാക്ഷരതാ മിഷനില്‍ രജിസ്റ്റര്‍ ചെയ്തു. ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സെന്ററില്‍ തുടര്‍ പഠനത്തിനായി ചേര്‍ന്നു. കിടപ്പിലായ ലക്ഷ്മിക്കായി അമ്മ അജിത ഞായറാഴ്ചകളിലെ ക്ലാസ്സില്‍ പങ്കെടുത്തു. പത്താം ക്ലാസിനു ശേഷം പ്ലസ് വണ്ണില്‍ ഹ്യൂമാനിറ്റീസ് പ്രധാന വിഷയമായി തിരഞ്ഞെടുത്തു. 

സ്‌കൂളില്‍ നേരിട്ടെത്തി നോട്ടുകള്‍ എഴുതി വീണ്ടും അമ്മ ലക്ഷ്മിയെ പഠിപ്പിച്ചു. പ്ലസ് വണ്ണിനു ശേഷം പ്ലസ് ടു പഠനവും തുടര്‍ന്നു. അമ്മയുടെ സഹായത്തോടെ പാഠങ്ങള്‍ മനപാഠമാക്കി. സ്‌കൂളില്‍ നിന്നുതന്നെ തിരഞ്ഞെടുത്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി സുഹൈന, ലക്ഷ്മിയുടെ സഹായത്തിനായി വീണ്ടും വന്നു.

സെപ്റ്റംബര്‍ അവസാനത്തോടെ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കും. മകള്‍ മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് അമ്മ അജിത. കടക്കരപ്പള്ളി അഞ്ചാം വാര്‍ഡ് കണ്ടമംഗലം സ്വദേശിയാണ് ലക്ഷ്മി. അച്ഛന്‍ ലാലന്‍ ഓട്ടോകാസ്റ്റിലെ മുന്‍ ജീവനക്കാരനാണ്. ഏക സഹോദരി ബി ടെക് വിദ്യാർത്ഥിനിയാണ്. സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കിയ തുല്യതാ പരീക്ഷ എഴുതിയ ലക്ഷ്മി ലാലിനെ കഴിഞ്ഞ ദിവസം സാക്ഷരതാമിഷൻ അധികൃതർ അനുമോദിച്ചു. 

അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ ലക്ഷ്മി പ്രതിസന്ധികള്‍ തരണം ചെയ്തും പഠനം പൂര്‍ത്തിയാക്കി പരീക്ഷയില്‍ പങ്കെടുത്തത്തിന്റെ ഇച്ഛാശക്തിയെയാണ് സംസ്ഥാന ഡയറക്ടര്‍ ഡോ. പി എസ് ശ്രീകലയുടെ നേതൃത്വത്തിലുള്ള സംഘം അനുമോദിച്ചത്. ലക്ഷ്മിയുടെ കടക്കരപ്പള്ളിയിലെ വീട്ടില്‍ നേരിട്ട് എത്തിയ ഡയറക്ടര്‍ വായിക്കാനുള്ള പുസ്തകങ്ങള്‍ സമ്മാനമായി ലക്ഷ്മിക്ക് നല്‍കി.