അമ്പലപ്പുഴ: പ്രളയത്തെ അതിജീവിക്കാനായി നിർമിച്ച ആട്ടിൻ കൂട് ശ്രദ്ധേയമാകുന്നു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കഞ്ഞിപ്പാടം മിത്രക്കാട് വീട്ടിൽ സുശീലൻ-രുഗ്മിണി ദമ്പതികൾക്കായാണ് ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ആട്ടിന്‍ കൂട് നിർമിച്ചത്. മുപ്പത് വർഷത്തോളമായി പശു, ആട് കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന രുഗ്മിണി കഴിഞ്ഞ പ്രളയകാലത്ത് തന്റെ 6 പശുക്കളും 11 ആടുകളുമായി വളഞ്ഞ വഴിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. 

ഇത്തവണ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 2020-21 തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 2,23,400 രൂപ ചെലവിലാണ് പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന ഈ ആട്ടിൻ കൂട് നിർമിച്ചത്. ഒരു മാസം കൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. 42 തൊഴിൽ ദിനങ്ങളാണ് ഇതിനായി ചെലവഴിച്ചത്. വെളളക്കെട്ടിൽ നിന്ന് കരകയറുന്നതിനായി ഒരു മീറ്റർ ഉയരത്തിലാണ് കൂടിന്റെ ഫൗണ്ടേഷൻ നിർമിച്ചിരിക്കുന്നത്. ആടിന്റെ കാഷ്ടം ഉൾപ്പെടെയുള്ളവ താഴെ ഷീറ്റ് കൊണ്ടു നിർമിച്ച പ്രത്യേക അറയിൽ നിക്ഷേപിക്കാൻ കഴിയും.

 എൻ ആർ ഇ ജി അസിസ്റ്റന്റ് എഞ്ചിനീയർ ഫസീലാ നാസർ മുൻകൈയെടുത്താണ് ഏറെ വ്യത്യസ്തമാർന്ന ഇത് നിർമിച്ചത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ആദ്യത്തെ സംരംഭമാണ് ഇതെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്തംഗം പ്രജിത്ത് കാരിക്കൽ പറഞ്ഞു. കാക്കാഴം കമ്പിവളപ്പ് സ്വദേശികളായ ആഷിക്ക്, റിനാസ്, സവാദ്, ദിൽഷർ എന്നിവരാണ് ആട്ടിൻ കൂട് രൂപ കൽപ്പന ചെയ്ത് നിർമിച്ചത്.