കല്‍പ്പറ്റ: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമെ നഗരത്തിലൂടെ കടന്നുപോകുന്ന തോട് നഗരസഭ കെട്ടിടം നിര്‍മിക്കുന്നതിനും കൈയ്യേറിയതായി കണ്ടെത്തി. നഗരസഭയുടെ അനക്‌സ് കെട്ടിടമാണ് തോട് കൈയ്യേറി നിര്‍മിച്ചിരിക്കുന്നത്. നഗരത്തില്‍ വ്യാപകമായി കച്ചവടസ്ഥാപനങ്ങള്‍ പൊതു സ്ഥലങ്ങള്‍ കൈയ്യേറിയെന്ന പരാതി നിലനില്‍ക്കവെയാണ് നഗരസഭക്കെതിരെ തന്നെ ആരോപണമുയര്‍ന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിച്ചപ്പോള്‍ ആരോപണം ശരിയാണെന്ന് തെളിഞ്ഞു. 

കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് നാല് മീറ്റര്‍ വീതിയുള്ള തോട് ഒരു ഭാഗം മണ്ണിട്ട് നികത്തി നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്. ഇതോടെ ഈ ഭാഗത്ത് തോടിന്റെ വീതി ഒരു മീറ്ററായി കുറഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ നഗരത്തിലെ കടകളും ബാങ്ക് അടക്കമുള്ള മറ്റു സ്ഥാപനങ്ങളും വെള്ളത്തിലായിരുന്നു. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഇതിനെ തുടര്‍ന്ന് വ്യപാരികള്‍ക്കും മറ്റുമുണ്ടായത്. വെള്ളക്കെട്ടിന്റെ കാരണമന്വേഷിച്ച് നഗരസഭയിലെ തന്നെ ചിലര്‍ എത്തിയതോടെയാണ് വന്‍തോതിലുള്ള കൈയ്യേറ്റം നടന്നിട്ടുണ്ടെന്ന കാര്യം ബോധ്യപ്പെട്ടത്.

നഗരത്തിലെ കൈയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കാന്‍ ഒരുങ്ങുന്ന നഗരസഭ സ്വന്തം കൈയ്യേറ്റം ആദ്യം പൊളിച്ചു നീക്കണമെന്ന നിലാപാടാണ് ജനങ്ങള്‍ക്കുള്ളത്. അതേ സമയം നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായ നിയമം ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ ഉടന്‍ പൊളിച്ചു നിക്കൂമെന്ന് അധികൃതര്‍ പറഞ്ഞു. 

ഇന്ന് തന്നെ തോട് കൈയേറി നിര്‍മ്മിച്ച ഭാഗം പൂര്‍ണമായും പൊളിച്ചുനീക്കും. നഗരസഭ  ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് ഇത് സംബന്ധിച്ച നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. രാവിലെ പത്ത് മണിയോടെ കയ്യേറ്റം പൊളിച്ചു നീക്കാനാണ് ആലോചിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെ കൈയ്യേറ്റങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.