ആറാട്ടുപുഴയില്‍ റോഡ് തകര്‍ത്ത് പുഴ ഗതിമാറിയൊഴുകിയതിന് പിറകെ, കരുവന്നൂര്‍ പുഴയ്ക്ക് കുറുകെയുള്ള ഇല്ലിക്കല്‍ ബണ്ട് തകര്‍ന്നു. പടിഞ്ഞാറന്‍ മേഖലകളായ കാട്ടൂര്‍, താന്ന്യം, ചാഴൂര്‍, അന്തിക്കാട്, ചേര്‍പ്പ് പഞ്ചായത്തുകളില്‍ കനത്ത വെള്ളക്കെട്ടിന് കാരണമാകുന്ന വിധത്തിലാണ് വെള്ളത്തിന്‍റെ കുത്തൊഴുക്ക്.

തൃശൂര്‍: ആറാട്ടുപുഴയില്‍ റോഡ് തകര്‍ത്ത് പുഴ ഗതിമാറിയൊഴുകിയതിന് പിറകെ, കരുവന്നൂര്‍ പുഴയ്ക്ക് കുറുകെയുള്ള ഇല്ലിക്കല്‍ ബണ്ട് തകര്‍ന്നു. പടിഞ്ഞാറന്‍ മേഖലകളായ കാട്ടൂര്‍, താന്ന്യം, ചാഴൂര്‍, അന്തിക്കാട്, ചേര്‍പ്പ് പഞ്ചായത്തുകളില്‍ കനത്ത വെള്ളക്കെട്ടിന് കാരണമാകുന്ന വിധത്തിലാണ് വെള്ളത്തിന്‍റെ കുത്തൊഴുക്ക്.

മറ്റിടങ്ങളിലെല്ലാം മഴ ഒതുങ്ങി വെള്ളം താഴ്ന്നുതുടങ്ങിയതോടെ തൃശൂരിലെ പ്രധാന പുഴയിലുണ്ടായ രണ്ട് സംഭവങ്ങള്‍ ആളുകളെ അമ്പരപ്പിലാക്കിയിട്ടുണ്ട്. ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എത്തിനോക്കാതിരുന്ന ഇല്ലിക്കല്‍ ഇറിഗേഷന്‍ പ്രദേശത്ത് മന്ത്രിമാരായ എ.സി മൊയ്തീനും വി.എസ് സുനില്‍കുമാറും സന്ദര്‍ശിച്ചു. ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറി നില്‍ക്കുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍റ് ചെയ്യാന്‍ ബന്ധപ്പെട്ട മന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രിമാര്‍ വ്യക്തമാക്കി.

അതിനിടെ, എരുമപ്പെട്ടി മേഖലയില്‍ വീണ്ടും മണ്ണിടിച്ചില്‍. 15 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. എരുമപ്പെട്ടി പഴവൂര്‍ കോട്ടപ്പുറം ത്രീസ്റ്റാര്‍ ഗ്രാനൈറ്റ്സ് ക്രഷര്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. രാവിലെയാണ് മണ്ണിടിച്ചില്‍ ആരംഭിച്ചത്. വലിയ ശബ്ദത്തോടെയുള്ള പൊട്ടലുണ്ടായതായി നാട്ടുകാര്‍ പറയുന്നു. 

ഏകദേശം എണ്‍പത് ലോഡ് മണ്ണ് ക്വാറിയിലേക്ക് ഇടിഞ്ഞ് വീണിട്ടുണ്ട്. മണ്ണിനോടൊപ്പം വെള്ളവും പുറത്തേക്ക് ഒഴുകുന്നുവെന്നത് ആശങ്കള്‍ക്കിടയാക്കുന്നുണ്ട്. പ്രദേശത്ത് 50 വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നുണ്ട്. അധികം ഭീഷണി നേരിടുന്ന 15 കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചു. മറ്റ് വീടുകളെ മാറ്റിപ്പാര്‍പ്പിക്കല്‍ പുരോഗമിക്കുന്നു. 

പഴവൂരില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി തിങ്കള്‍ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉടമസ്ഥര്‍ അറിയിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. എരുമപ്പെട്ടി പഞ്ചായത്തില്‍ കുട്ടഞ്ചേരി ഭരണിച്ചിറ, തിച്ചൂര്‍ കോഴിക്കുന്ന്, അത്തിക്കുന്ന് എന്നിവിടങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നൂറിലധികം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 

എരുമപ്പെട്ടി, തയ്യൂര്‍, തിച്ചൂര്‍ എന്നീ സ്‌കൂളുകളിലെ സ്‌കൂളുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളക്കെട്ടിന് ശമനമുണ്ടെങ്കിലും മണ്ണിടിച്ചില്‍ ഭീഷണി എരുമപ്പെട്ടി മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.