ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയ വീട്ടിലേക്ക് ഇനി അവരെയും ചേര്‍ത്തുപിടിച്ച് ബിന്ദുവിന് തിരിച്ചുപോകാനാകില്ല. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് പ്രകാശന്റെ ഏക വരുമാനമായിരുന്നു കുടുംബത്തെ താങ്ങിനിര്‍ത്തിയിരുന്നത്. പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ് ബിന്ദുവും കുടുംബവും.
കോഴിക്കോട്: കൂടരഞ്ഞിയില്‍ കഴിഞ്ഞ പതിനഞ്ചിനുണ്ടായ ഉരുള്‍പൊട്ടലോടെയാണ് കല്‍പ്പിനി സ്വദേശിനിയായ ബിന്ദുവിന്റെ ജീവിതവും ഗതിമാറി ഒഴുകാന്‍ തുടങ്ങിയത്. അപ്രതീക്ഷിതമായി ഇരച്ചുവന്ന ദുരന്തത്തിന് കീഴങ്ങുമ്പോള്‍ ബിന്ദു അറിയുന്നുണ്ടായിരുന്നില്ല, കൂടെയുണ്ടായിരുന്ന ഭര്‍ത്താവും മകനും മരണത്തിലേക്ക് പിടഞ്ഞുകയറുകയാണെന്ന്. എല്ലാം നഷ്ടമായെന്ന് വേദനയോടെ തിരിച്ചറിഞ്ഞപ്പോഴും ബിന്ദുവിന് പകച്ചുനില്‍ക്കാനായില്ല. കാരണം വിധി, പറക്കമുറ്റാത്ത രണ്ട് മക്കളെയും പ്രായമായ അച്ഛനെയും ബിന്ദുവിനെ തിരിച്ചേല്‍പിച്ചിരുന്നു.
ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയ വീട്ടിലേക്ക് ഇനി അവരെയും ചേര്‍ത്തുപിടിച്ച് ബിന്ദുവിന് തിരിച്ചുപോകാനാകില്ല. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് പ്രകാശന്റെ ഏക വരുമാനമായിരുന്നു കുടുംബത്തെ താങ്ങിനിര്‍ത്തിയിരുന്നത്.
'എന്നെ ഇതുവരെ ജോലിക്ക് പോകാന്‍ പോലും ചേട്ടന്‍ വിട്ടിട്ടില്ല. അങ്ങനെയാണ് നോക്കിയത്. ഒരു ദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ല'- പരിക്കുകളോടെ കുടുംബത്തോടൊപ്പം ആശുപത്രിയില്‍ കഴിയുന്ന ബിന്ദു നിറകണ്ണുകളോടെ പറഞ്ഞു. ആശുപത്രി വിട്ടാല്‍ ഇനിയെങ്ങോട്ട് പോകണമെന്നറിയില്ല. രണ്ടാം ക്ലാസിലും, ആറാം ക്ലാസിലും പഠിക്കുന്ന കുഞ്ഞുങ്ങളാണ്, അവര്‍ക്ക് പഠിക്കണം, താമസിക്കാന്‍ വീട് വേണം, ഭക്ഷണം വേണം... ആവശ്യങ്ങളേറെയാണ്. മരിച്ചുപോയ മകന്‍ പ്രബിന്‍ പഠിക്കാന്‍ മിടുമിടുക്കനായിരുന്നു, ഇനി ഏക പ്രതീക്ഷ ഈ മക്കളിലാണ്- നിറകണ്ണുകളോടെ സുമനസ്സുകളുടെ സഹായം തോടുകയാണ് ബിന്ദു ഇപ്പോള്‍.

