തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ മ്യൂറല്‍ പ്രൊജക്ട് വിഷൻ വർക്കല പെർഫോമിംഗ് ആർട്സ് സെന്ററില്‍ പൂര്‍ത്തിയായി. ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണൻ ചെയർമാനായുള്ള സെന്ററില്‍, സാസ്‍കാരിക വകുപ്പിന് കീഴിലുള്ള ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിലെ ചീഫ് മ്യൂറൽ ആർട്ടിസ്റ്റ് സുരേഷ്‌ മുതുകുളത്തിന്റെ കീഴിലാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്.

നാളിതുവരെ കണ്ടുപരിചയമുള്ളതില്‍ നിന്ന് വളരെ വ്യത്യസ്തമായിട്ടുള്ള ചിത്രീകരണമാണ് പ്രധാന പ്രത്യേകതയെന്ന് സുരേഷ്‌ മുതുകുളം പറഞ്ഞു. ഒന്‍പത് സഹായികളോടൊപ്പമാണ്, ദൃശ്യാവിഷ്ക്കാരത്തിൽ പുതുമയും വലിപ്പത്തിൽ നാളിതുവരെ ചെയ്‌തിട്ടുള്ള മ്യൂറലിൽ ഏറ്റവും മികച്ചതുമായ ഈ കലാസൃഷ്‍ടി അദ്ദേഹം പൂര്‍ത്തീകരിച്ചത്. സ്വദേശികളും വിദേശികളുമായ സന്ദർശകരെ കാത്തിരിക്കുകയാണ് ചരിത്രത്തിന്റെ ഭാഗമാകുന്ന ഈ ചിത്രങ്ങൾ. മൂന്നു മാസം കൊണ്ടാണ് ഇവ പൂർത്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
"