എരുമപ്പെട്ടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കൊടുമ്പിൽ മുരളി, 35 വർഷത്തിലേറെയായി ചുവന്ന വസ്ത്രം മാത്രം ധരിക്കുന്നതിന് പേരുകേട്ടയാളാണ്. 

തൃശൂർ: തെരഞ്ഞെടുപ്പിൽ മത്സരിച്ചാലും, ഇല്ലെങ്കിലും പൊതു പ്രവർത്തനരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി സജീവ സാന്നിധ്യമായ കൊടുമ്പിൽ മുരളിക്ക് താൻ ധരിക്കുന്ന വസ്ത്രത്തിന്റെ നിറം ഇന്നും ഒന്ന് തന്നെ. ചുവന്ന നിറം മാത്രം ഇഷ്ടമായതിനാൽ ഇന്നും അതേ വേഷത്തിൽ തുടരുന്നു എന്ന് അദ്ദേഹം പറയുന്നു. ചുവന്ന മുണ്ടും ചുവന്ന ഷർട്ടും ചുവന്ന തലേക്കെട്ടുമായി 35 വർഷത്തിലേറെയായി കൗതുക വസ്ത്രധാരണവുമായികൊടുമ്പിൽ മുരളി രാഷ്ട്രീയ രംഗത്ത് തുടരുന്നു. ആറുതവണ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച മുരളി മൂന്നു തവണ വിജയിക്കുകയും മൂന്ന് തവണ പരാജയപ്പെടുകയും ചെയ്തു. തന്റെ സ്വന്തം തട്ടകമായ കൊടുമ്പ്, കാഞ്ഞിരക്കോട്, തൃക്കണപതിയാരം, എന്നീ മൂന്നു വാർഡുകളിലാണ് ആറ് തവണ മത്സരരംഗത്ത് ഉണ്ടായിരുന്നത്.

70 വയസ്സ് പിന്നിട്ട ഇദ്ദേഹം എരുമപ്പെട്ടി പഞ്ചായത്തിലെ മത്സരരംഗത്തെ മുതിർന്ന വ്യക്തിത്വവും ആണ്. കഴിഞ്ഞതവണ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് കാഞ്ഞിരക്കോട് വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുരളി പഞ്ചായത്ത് ഭരണസമിതിയിലെ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആവുകയും ചെയ്തു. 1990 കാലഘട്ടത്തിൽ കൊടുമ്പ് വാർഡിൽ നിന്നും സ്വതന്ത്രനായി കന്നിയങ്കത്തിൽ വിജയിച്ചു. 

പത്തുവർഷം മുമ്പ് കൊടുമ്പ് വാർഡിൽ താൻ നിർത്തിയ വനിതാ സ്ഥാനാർത്ഥിയെ യു.ഡി.എഫ് പിന്തുണയോടെ വിജയിപ്പിക്കുകയും ചെയ്തതോടെ രാഷ്ട്രീയത്തേക്കാൾ ഉപരി തന്റെ വ്യക്തി സ്വാധീനം തെളിയിക്കുകയും ചെയ്തു. ദീർഘകാലം ഇടതുപക്ഷം ഭരിച്ചുകൊണ്ടിരിക്കുന്ന മങ്ങാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്നു. കൊടുമ്പ് വാർഡിൽ ഇടതുമുന്നണിയിലെ സി.പി.എം. സ്ഥാനാർത്ഥിയായിട്ടാണ് വീണ്ടും ഇത്തവണ മത്സരിക്കുന്നത്. കൊടുമ്പ് അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കഴകം, വഴിപാട് കൗണ്ടർ പ്രവർത്തികളും ഇദ്ദേഹം നടത്തി വരുന്നു.