ഹെല്‍മെറ്റും ധരിച്ചെത്തിയ അബ്ദുറഹ്മാനെ കണ്ട കൗണ്‍സിലര്‍മാര്‍ ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ അന്പരന്നു. പിന്നെയാണ് കാര്യം മനസിലായത്. പ്രതീകാത്മക പ്രതിഷേധമായിരുന്നു അബ്ദു റഹ്മാന്‍റേത്
മലപ്പുറം: മലപ്പുറം കോട്ടക്കല്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഹെല്‍മെറ്റ് ധരിച്ചെത്തി പ്രതിപക്ഷ അംഗത്തിന്‍റെ പ്രതിഷേധം. സ്ഥിരമായി കയ്യാങ്കളി നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ അടി പേടിച്ചാണ് ഹെല്‍മറ്റുമായെത്തിയതെന്ന് എല്‍ഡിഎഫ് കൗണ്‍സിലറായ അബ്ദു റഹ്മാന്‍ പറഞ്ഞു.
രാവിലെ 10 മണിക്ക് കൗണ്‍സില്‍ തുടങ്ങിയതിന് ശേഷമാണ് അബ്ദു റഹ്മാന്‍ എത്തുന്നത്. ഹെല്‍മെറ്റും ധരിച്ചെത്തിയ അബ്ദുറഹ്മാനെ കണ്ട കൗണ്‍സിലര്‍മാര്‍ ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ അമ്പരന്നു. പിന്നെയാണ് കാര്യം മനസിലായത്. പ്രതീകാത്മക പ്രതിഷേധമായിരുന്നു അബ്ദു റഹ്മാന്‍റേത്.
നഗരസഭയുടെ നഗര പ്രിയ പദ്ധതി പ്രകാരം കോഴിക്കൂട് നിര്‍മ്മിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അംഗനവാടിയില്‍ താമസ സൗകര്യം ഒരുക്കിയത് എല്‍ഡിഎഫ് ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്.
എല്‍ഡിഎഫ് കൗണ്‍സിലറായിരുന്ന അബ്ദു റഹ്മാന്‍ അടിയേറ്റ് കുഴഞ്ഞു വീണിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇത്തവണ ഹെല്‍മറ്റ് ധരിച്ചത്. ഇത്തവണത്തെ കൗണ്‍സില്‍ യോഗം ശാന്തമായി പിരിഞ്ഞതിനാല്‍ ഹെല്‍മെറ്റ് ഉപേക്ഷിക്കാനാണ് അബ്ദു റഹ്മാന്റെ തീരുമാനം.
