കൊച്ചി: സിപിഎം അംഗം കാലുമാറിയതിനെ തുടർന്ന് എൽഡിഎഫിന് പഞ്ചായത്ത്  ഭരണം  നഷ്ടമായി. എറണാകുളം വെങ്ങോല പഞ്ചായത്തിലാണ് നാടകീയ രംഗങ്ങൾ നടന്നത്. എൽഡിഎഫ് അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യയുമായ സ്വാതി റെജികുമാറാണ് യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്.

ഒന്നര വർഷം മുമ്പ് മുസ്ലിം ലീഗ് വിമതൻ എൽഡിഎഫിൽ എത്തിയതോടെയാണ് വെങ്ങോല പഞ്ചായത്ത് ഭരണം എൽഡിഎഫിന് കിട്ടിയത്. ഭരണം കിട്ടിയ ശേഷം ബാക്കിയുള്ള കാലാവധിയിൽ പകുതി വീതം നിലവിലെ പ്രസിഡന്റ് ധന്യ ലൈജുവിനും സ്വാതി റെജികുമാറിനും ന‍ൽകുമെന്നായിരുന്നു സിപിഎം ധാരണ. എന്നാൽ പറഞ്ഞുറപ്പിച്ച കാലാവധി കഴിഞ്ഞിട്ടും സ്വാതി റെജികുമാറിനെ പ്രസിഡന്റ് ആക്കാൻ സിപിഎം തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇവർ യുഡിഎഫ് ചേരിയിലെത്തിയത്. ഇതേ തുട‍ർന്നാണ് യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇരുപത്തി മുന്ന് അംഗങ്ങളുള്ള പഞ്ചായത്തിൽ സ്വാതി റെജികുമാറടക്കം 12 പേരുടെ പിന്തുണയോടെയാണ് യുഡിഎഫ് അവിശ്വാസം പാസ്സായത്.

കഴിഞ്ഞ 26 ന് നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ സംഘർഷമുണ്ടായ സാഹചര്യത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ന‍ടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. സ്വാതി റെജികുമാർ തന്നെയാണ് യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാർത്ഥി.  ഭാര്യ കാലുമാറിയതിനെ തുടർന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന റെജികുമാറിനെ സിപിഎം തൽസ്ഥാനത്ത് നിന്നും നീക്കി.