എൽഡിഎഫ് അംഗം എം സോമശേഖരൻ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് ബിജെപി അംഗം സുധർമ്മയും കോൺഗ്രസ് അംഗം ശാന്തിമതിയും വോട്ടുചെയ്തതോടെയാണ് പ്രമേയം പാസായത്.
തിരുവനന്തപുരം: കല്ലിയൂർ ഗ്രാമ പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. അഴിമതിയുടെ കേന്ദ്രമായി ബിജെപി ഭരിക്കുന്ന കല്ലിയൂർ ഗ്രാമ പഞ്ചായത്ത് മാറി എന്നാരോപിച്ച് എൽഡിഎഫ് നൽകിയ അവിശ്വാസപ്രമേയ നോട്ടീസ് പിന്തുണച്ച് കോൺഗ്രസ് അംഗവും ബിജെപി അംഗവും വോട്ട് ചെയ്തതു. ഒടുവിൽ കല്ലിയൂർ പഞ്ചായത്ത് ഭരണത്തിനെതിരെ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായി. ഒൻപതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്.
പഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണയ്ക്കെതിരെയും വൈസ് പ്രസിഡന്‍റ് വി. സരിതയ്ക്ക് എതിരെയും എൽഡിഎഫ് അംഗം എം സോമശേഖരൻ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് ബിജെപി അംഗം സുധർമ്മയും കോൺഗ്രസ് അംഗം ശാന്തിമതിയും വോട്ടുചെയ്തതോടെയാണ് പ്രമേയം പാസായത്. പരീക്ഷയോ അഭിമുഖമോ ഇല്ലാതെ ഡ്രൈവർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലും ആശുപത്രിയിലെ താത്കാലിക തസ്തികകളിലും പ്രസിഡന്റും വൈസ് പ്രസിഡന്റും ഇഷ്ടക്കാരെ നിയമിച്ചുവെന്ന് എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു.
ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത കല്ലിയൂർ പഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റ കക്ഷി ആയി ആണ് ബിജെപി ഭരണം നടത്തിയിരുന്നത്. ഇരുപത്തിയൊന്ന് അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപി - 10, എൽഡിഎഫ് - 9, കോൺഗ്രസ് - 2 എന്നിങ്ങന്നെയായിരുന്നു കക്ഷിനില. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് ബിജെപി ഇവിടെ ഭരിച്ചത്. നിലവിലെ ഭരണസമിതി വന്നതിനു ശേഷം പഞ്ചായത്ത് അഴിമതിയുടെ കേന്ദ്രമായി മാറി എന്നാരോപിച്ച് ആണ് എൽഡിഎഫ് അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്.
Read More : പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ് മുന്തിയ ഇനം നായക്കുട്ടി, 'മുതലാളീ, വേഗം വരണേ' എന്ന് കേരള പൊലീസ്
