യുഎന്‍ പൊതുസഭ, യുഎന്‍ സുരക്ഷാ സമിതി എന്നിവയുടെ മാതൃകയില്‍ വിവിധ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികള്‍ ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് ഈ പരിപാടി

തിരുവനന്തപുരം: ആഗോള വിഷയങ്ങളില്‍ അവബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാനുള്ള ഐക്യരാഷ്ട്ര സഭാ പദ്ധതികളുമായി ചേര്‍ന്ന് ലെക്കോള്‍ ചെമ്പക ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഞ്ചാമത് മോഡല്‍ യുനൈറ്റഡ് നാഷന്‍സ് പരിപാടിക്ക് തിരുവനന്തപുരം ഹോട്ടല്‍ ഡിമോറയില്‍ തുടക്കം. യുഎന്‍ പൊതുസഭ, യുഎന്‍ സുരക്ഷാ സമിതി എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുസമ്മേളനങ്ങളുടെ മാതൃകയില്‍ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ പങ്കെടുക്കുന്ന പരിപാടി തിരുവനന്തപുരം റീജിയനല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ജീവ മരിയ ജോയ് ഉദ്ഘാടനം ചെയ്തു.

ലെക്കോള്‍ ചെമ്പക ഇന്റര്‍നാഷനല്‍ വൈസ് പ്രിന്‍സിപ്പല്‍ പമേല അന്ന ജോഷ്, ചെമ്പക ഗ്രൂപ്പ് അക്കാദമിക് ഡീന്‍ ജിന്‍സ് തോമസ്, ചെമ്പക ഗ്രൂപ്പ് ചെയര്‍മാന്‍ വിഎന്‍പി രാജ്, ഗ്രൂപ്പ് സെക്രട്ടറി ശശികല രാജ്, അക്കാദമിക് ഡയരക്ടര്‍ ഷീജ എന്‍, ലെക്കോള്‍ ചെമ്പക സില്‍വര്‍ റോക്ക്‌സ് പ്രിന്‍സിപ്പല്‍ പ്രമോദ് പിള്ള, ലെക്കോള്‍ ചെമ്പക സില്‍വര്‍ റോക്ക്‌സ് വൈസ് പ്രിന്‍സിപ്പല്‍ ആനി ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു.

ഐക്യരാഷ്ട്രസഭയുടെ ഒരു അക്കാദമിക് ഇടപെടലാണ് മോഡല്‍ യുണൈറ്റഡ് നേഷന്‍സ് (MUN). യുഎന്‍ പൊതുസഭ, യുഎന്‍ സുരക്ഷാ സമിതി എന്നിവയുടെ മാതൃകയില്‍ വിവിധ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികള്‍ ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് ഈ പരിപാടി. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചുകൂടുകയും ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മല്‍സരത്തില്‍ പങ്കാളികളാവുകയും ചെയ്യുന്നു. നയതന്ത്രജ്ഞരായി വേഷമിടുന്ന കുട്ടികള്‍ യുഎന്‍ പൊതുസഭ, സുരക്ഷാസമിതി എന്നിവിടങ്ങളില്‍ നടക്കുന്നത് പോലെ അവരവര്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങളുമായി ബന്ധപ്പെട്ട വിവിധ ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. നയതന്ത്രം, ചര്‍ച്ചകള്‍, വിമര്‍ശനാത്മക ചിന്ത എന്നിവ പ്രോല്‍സാഹിപ്പിക്കാനുള്ള ഒരു വേദിയാണ് ഇത്. വംശഹത്യ, വംശീയ ശുദ്ധീകരണം, എന്നീ വിഷയങ്ങളില്‍ അന്താരാഷ്ട്ര നിയമപ്രകാരമുള്ള ഇടപെടലുകളെക്കുറിച്ചും പരിപാടി ചര്‍ച്ച ചെയ്യുന്നുണ്ട്. അതോടൊപ്പം, രാജ്യാന്തര മാധ്യമങ്ങളെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികള്‍ തന്നെ മാധ്യമപ്രവര്‍ത്തകരായും ക്യാമറാപേഴ്‌സണ്‍സ് ആയും വേഷമിട്ടെത്തും.

നാളെ നടക്കുന്ന സമാപന പരിപാടിയില്‍, മികച്ച സമ്മേളന പ്രതിനിധികള്‍, മികച്ച മാധ്യമപ്രവര്‍ത്തകര്‍, മികച്ച ഫോട്ടോഗ്രാഫര്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഏഷ്യാനെറ്റ് ന്യൂസാണ് പരിപാടിയുടെ മീഡിയാ പാര്‍ട്ണര്‍.