കോഴിക്കോട് ബേപ്പൂരിൽ തീവ്രത കൂടിയ വെളിച്ചം ഉപയോഗിച്ച് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് സ്വദേശിയുടെ ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. അമല ഉര്‍പവം മാത ബോട്ടില്‍ നിന്ന് ഉയര്‍ന്ന ശേഷിയുള്ള എല്‍ഇഡി ബള്‍ബുകള്‍ കണ്ടെടുത്തു.

കോഴിക്കോട്: തീവ്രത കൂടിയ വെളിച്ച സംവിധാനം ഉപയോഗിച്ച് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. തമിഴ്‌നാട് കന്യാകുമാരി സ്വദേശി സഹായ രജീവന്റെ ഉടമസ്ഥതയിലുള്ള 'അമല ഉര്‍പവം മാത' ബോട്ടാണ് ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. ഉയര്‍ന്ന തീവ്രതയുള്ള എല്‍ഇഡി ബള്‍ബുകള്‍ ബോട്ടില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. നിലവില്‍ കടലില്‍ മത്സ്യബന്ധനത്തിന് 12 വോള്‍ട്ട് ശേഷിയുള്ള ലൈറ്റുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതില്‍ കൂടുതല്‍ ശേഷിയുള്ളവ ഉപയോഗിക്കുന്നത് കേന്ദ്ര-സംസ്ഥാന നിയമപ്രകാരം നിയമലംഘനമാണ്. ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സബ് ഇന്‍സ്‌പെക്ടര്‍ ടികെ രാജേഷ്, കെ രാജന്‍, മനു തോമസ്, റെസ്‌ക്യൂ ഗാര്‍ഡ് വിഘ്‌നേശ്, താജുദ്ദീന്‍, വിശ്വജിത്ത്, ബിലാല്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.