കളമശ്ശേരിയിൽ വഴിയിൽ കിടന്ന കേബിളിൽ കുരുങ്ങി വീണ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവായിട്ടും കേബിൾ ഉടമകൾ സഹായിച്ചില്ലെന്ന് കുടുംബം.
കൊച്ചി: കളമശ്ശേരിയിൽ വഴിയിൽ കിടന്ന കേബിളിൽ കാൽ കുരുങ്ങി വീണ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കളമശ്ശേരി സ്വദേശി പുഷ്പി സേവ്യർ (68) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. ചികിത്സയ്ക്കായി 18 ലക്ഷം രൂപ ചെലവായെന്നും കേബിൾ ഉടമകളിൽ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു.
സെപ്റ്റംബർ എട്ടിന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. നോർത്ത് കളമശ്ശേരിയിലെ പത്താം പീയൂസ് പള്ളിക്ക് സമീപമുള്ള സെമിത്തേരിയിൽ ഭർത്താവ് സേവ്യറിനൊപ്പം പോയി മടങ്ങുന്നതിനിടെയാണ് പുഷ്പിക്ക് അപകടമുണ്ടായത്. സെമിത്തേരിയുടെ ഗേറ്റിന് മുന്നിൽ നിലത്തുകൂടെ കുറുകെ കിടന്നിരുന്ന കേബിളിൽ കാൽ കുടുങ്ങി തലയടിച്ച് വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ പുഷ്പിക്ക് വലിയ തോതിൽ രക്തസ്രാവമുണ്ടായി.
അപകടത്തിന് പിന്നാലെ പുഷ്പിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വിദഗ്ധ ചികിത്സ നൽകാൻ ഡോക്ടർ ഇല്ലാതിരുന്നതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് പുഷ്പിയുടെ ശരീരത്തിന്റെ ഇടത് ഭാഗം തളർന്നിരുന്നു. ദീർഘനാളായി ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
സെമിത്തേരിയുടെ പ്രവേശന കവാടത്തിന് മുന്നിൽ നിലത്ത് കൂടി കടന്നുപോയിരുന്ന കേബിൾ സമീപത്തെ മതിലിനും ചില പോസ്റ്റുകൾക്കും മുകളിലൂടെയായിരുന്നു മറ്റിടങ്ങളിൽ സ്ഥാപിച്ചിരുന്നത്. അപകടത്തിന് പിന്നാലെ കേബിൾ ഉടമകൾ ഇത് അഴിച്ച് മാറ്റിയിരുന്നു. അപകടത്തെ കുറിച്ച് അറിഞ്ഞിട്ടും കേബിൾ ഉടമകളോ കരാറുകാരോ വിവരം അന്വേഷിക്കാനോ സാമ്പത്തിക സഹായം നൽകാനോ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. അരുൺ, സുസ്മി എന്നിവരാണ് മക്കൾ.












