വാല്‍പ്പാറ അപ്പര്‍പറളിയില്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ പുലി ആക്രമിച്ചു. കുട്ടിയെ 15 മീറ്ററോളം വലിച്ചിഴച്ചെങ്കിലും അമ്മയുടെ ബഹളം കേട്ട് ആളുകൾ എത്തിയതോടെ പുലി ഉപേക്ഷിച്ച് കടന്നു.
തൃശൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ പുലി ആക്രമിച്ചു. വാല്‍പ്പാറ അപ്പര്‍പറളിയില്‍ തോട്ടം തൊഴിലാളികളായ ഗുരുസ്വാമി - നാഗജ്യോതി ദമ്പതികളുടെ മകന്‍ ഭീഷിതനെയാണ് പുലി ആക്രമിച്ചത്. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വ്യാഴം വൈകീട്ടായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി പിടികൂടുകയും 15 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു. പുലി കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാഗജ്യോതി ബഹളം വച്ചു. തുടർന്ന് തോട്ടം തൊഴിലാളികൾ എത്തിയതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പ്രദേശത്ത് പുലിയുടെ ആക്രമണം നിത്യ സംഭവമായി മാറുകയാണ്. പലരും തലനാരിഴയ്ക്കാണ് പുലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നത്.
