ബുധനാഴ്ച പുലർച്ചയ്ക്ക് ഒരു മണിയോടെ വന്ന പുലി നായയെ കഴുത്തിൽ കടിച്ച് കൊണ്ടു പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

പാലക്കാട്: നെന്മാറ അകംപാടത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ പുലി നായയെ കടിച്ചു കൊണ്ടുപോയി. അകംപാടം സുധീഷിന്‍റെ വീട്ടിലെ വളർത്തു നായയെയാണ് പിടിച്ചു കൊണ്ടു പോയത്. രാവിലെ നായയെ കാണാത്തതിനെ തുടർന്ന് വീട്ടിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് പുലിയുടെ സാന്നിധ്യം ഉറപ്പിച്ചത്. ബുധനാഴ്ച പുലർച്ചയ്ക്ക് ഒരു മണിയോടെ വന്ന പുലി നായയെ കഴുത്തിൽ കടിച്ച് കൊണ്ടു പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

എപ്പോൾ വേണമെങ്കിലും പുലി കൺമുന്നിലെത്തുമെന്ന പേടിയില്‍ കഴിയുന്ന മലപ്പുറത്തെ മുള്ള്യാര്‍കുറിശ്ശി പൊഴുതല മലയടിവാരത്തിലെ ജനങ്ങളുടെ ദുരവസ്ഥയും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. മേഖലയിൽ പുലി ശല്യം അത്രയ്ക്കും രൂക്ഷമാണ്. ആട് അടക്കമുള്ള ജീവികൾക്കാണ് പുലിയുടെ ആക്രമണത്തിൽ മിക്കവാറും ജീവൻ നഷ്ടമാകാറുള്ളത്. കഴിഞ്ഞ ദിവസം കണ്‍മുന്നില്‍വെച്ചാണ് പുലി ആടിനെ കടിച്ചു കൊണ്ടുപോയതെന്നാണ് ആടിനെ നഷ്ടമായ കർഷകൻ പറഞ്ഞത്.

മൂന്നു വര്‍ഷത്തിനിടെ ഇരുപത് ആടുകളെ നഷ്ടമായെന്ന് ഉമൈര്‍ എന്ന കര്‍ഷകന്‍ വ്യക്തമാക്കി. മുമ്പ് ഇതേ പ്രദേശത്ത് വെച്ച് പുള്ളിപ്പുലിയെ വനംവകുപ്പ് കൂടുവെച്ച് പിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുലിയെ പിടികൂടാൻ കഴിയാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് ഇനിയെങ്കിലും പുലിയെ പിടകൂടാനുള്ള കൃത്യമായ ഇടപെടലുണ്ടാകുമെന്നാണ് ഇവ‍ർ പ്രതീക്ഷിക്കുന്നത്.

ഇരട്ടയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടെത്തിയ വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നതാണ്. രാത്രിയിൽ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങിയ ആളാണ്‌ വഴിയരികിൽ കടുവ നിൽക്കുന്നത് കണ്ടത്. കടുവ പേടിയിലാണ് ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല, അടയാളക്കല്ല് മേഖല. കൃഷിയിടങ്ങളിൽ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെങ്കിലും വനം വകുപ്പ് പലയിടത്തായി സ്ഥാപിച്ച ക്യാമറകളിൽ ചിത്രം പതിഞ്ഞിട്ടില്ല.

പ്രത്യേക ആപ്പ്, ആവശ്യക്കാർക്ക് ഇതിലൂടെ മാത്രം ബന്ധപ്പെടാം; ഉള്ളിയുടെ മറവില്‍ നടന്നിരുന്നത് വൻ കടത്ത്, അറസ്റ്റ്