Asianet News MalayalamAsianet News Malayalam

മൂങ്കലാറില്‍ ഇറങ്ങിയത് പുലി തന്നെ; 'ഒന്നിലധികം ഉണ്ടോയെന്ന് സംശയം, നിരീക്ഷണം തുടരുന്നു'

നിരീക്ഷണ ക്യാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് വനംവകുപ്പ്.

leopard spotted at idukki moongalar joy
Author
First Published Sep 14, 2023, 11:46 AM IST

ഇടുക്കി: ജനവാസ മേഖലയായ മൂങ്കലാറില്‍ ഇറങ്ങിയത് പുലി തന്നെയാണെന്ന് വനവകുപ്പിന്റെ സ്ഥിരീകരണം. മൂങ്കലാര്‍ 40 ഏക്കര്‍ ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ ശനിയാഴ്ച വൈകിട്ട് പുലിയുടെ ചിത്രം പതിഞ്ഞതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഈ മേഖലയില്‍ നിരവധി ആടുകളും വളര്‍ത്തു നായ്ക്കളെയും കാടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. വളര്‍ത്തു മൃഗങ്ങളെ വ്യാപകമായി കാണാതാകുന്നതായി നാട്ടുകാര്‍ പരാതി നല്‍കിയതോടെ വനംവകുപ്പ് ഏഴോളം നിരീക്ഷണ ക്യാമറകളാണ് പ്രദേശത്ത് സ്ഥാപിച്ചത്. ഒന്നിലധികം   പുലികള്‍ ഉണ്ടോയെന്നും നിരീക്ഷണം നടത്തുന്നുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. ചെല്ലാര്‍കോവില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പികെ വിനോദ്, ജെ വിജയകുമാര്‍  എന്നിവരുടെ സംഘമാണ് മേഖലയില്‍ ക്യാമറ സ്ഥാപിച്ചത്. 


കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട തങ്കച്ചന്റെ കുടുബത്തിന് 11 ലക്ഷം

മാനന്തവാടി: ചൊവ്വാഴ്ച്ച വിനോദസഞ്ചാരികളുമൊത്തുള്ള ട്രക്കിങിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവാച്ചര്‍ തങ്കച്ചന്റെ കുടുബത്തിന് അടിയന്തിരമായി 11.25 ലക്ഷം നല്‍കാന്‍ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം. തങ്കച്ചന്റെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് നഷ്ടപരിഹാരതുക നല്‍കാന്‍ വനംവകുപ്പ് തയ്യാറായത്. ഇതിനു പുറമെ തങ്കച്ചന്റെ മകള്‍ അയോണ നഴ്സിംഗ് പഠനത്തിനായി എടുത്ത വിദ്യാഭ്യാസ ലോണ്‍ എഴുതി തള്ളുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും സര്‍വ്വകക്ഷി യോഗത്തില്‍ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. അടിയന്തിരമായി അനുവദിക്കുന്ന തുക കൂടാതെ കൂടുതല്‍ തുകക്കായി മുഖ്യമന്ത്രിക്ക് എ.ഡി.എം പ്രപ്പോസല്‍ നല്‍കും. തങ്കച്ചന്റെ ഭാര്യക്ക് താത്ക്കാലിക ജോലി നല്‍കുന്നതിനും നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
 

 ഗ്രാമീണ ബാങ്കുകൾക്ക് ആശ്വാസം, സുപ്രീംകോടതിയുടെ സുപ്രധാന വിധി 

Follow Us:
Download App:
  • android
  • ios