Asianet News MalayalamAsianet News Malayalam

'പതിമൂന്ന് ദിവസത്തെ കാത്തിരിപ്പ്'; വണ്ടിപ്പെരിയാറില്‍ ജനങ്ങളുടെ ഉറക്കം കെടുത്തിയ പുലി ഒടുവില്‍ കുടുങ്ങി

കഴി‍ഞ്ഞ മാസം ആദ്യം വാളാഡി പുതുവൽ ഭാഗത്ത് രണ്ട് ആടുകളെയും ഒരു വള‍ർത്തു നായയെയും പുലി പിടിച്ചിരുന്നു. പ്രദേശത്ത് പല ഭാഗത്തായി പലരും പുലിയെ കാണുകയും ചെയ്തു.

Leopard trapped in forest departments cage at idukki
Author
First Published Sep 20, 2022, 9:00 AM IST

വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം വാളാഡി പുതുവൽ ഭാഗത്തെ അളുകളുടെ ഉറക്കം കെടുത്തിയിരുന്ന പുലി ഒടുവിൽ കൂട്ടിലായി. പുലിയെ പിടികൂടാൻ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി വീണത്. വളർത്തു മൃഗങ്ങളെ പിടികൂടുന്നത് പതിവായതോടെയാണ് വനംവകുപ്പ് പുലിയെ പിടികൂടാൻ കൂട് സഥാപിച്ചത്.

കഴി‍ഞ്ഞ മാസം ആദ്യം വാളാഡി പുതുവൽ ഭാഗത്ത് രണ്ട് ആടുകളെയും ഒരു വള‍ർത്തു നായയെയും പുലി പിടിച്ചിരുന്നു. പ്രദേശത്ത് പല ഭാഗത്തായി പലരും പുലിയെ കാണുകയും ചെയ്തു. തുട‍ർന്ന് വനംവകുപ്പിൻറെ കുമളി റേഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി ക്യാമറ ട്രാപ്പ് സ്ഥാപിച്ച് പുള്ളിപുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പുലിയുടെ ആക്രമണം പേടിച്ച് നാട്ടുകാരുടെ ആവശ്യപ്രകാരം പുലിയെ പിടിക്കാനായി വനം വകുപ്പ് കൂടും സ്ഥാപിച്ചു.കൂട് സ്ഥാപിച്ച്  പതിമൂന്ന് ദിവസത്തിനു ശേഷം ഇന്നലെ രാത്രിയോടെ പുലി കൂട്ടിലകപ്പെടുകയായിരുന്നു.

ജനവാസമേഖലയിൽ നിന്നും 50 മീറ്റർ മാത്രം അകലെയാണ് കൂട് സ്ഥാപിച്ചിരുന്നത്. മൂന്ന് വയസ്സോളം പ്രായമുള്ള പുലിയാണ് വനം വകുപ്പിന്‍റെ കെണിയില്‍ കുടുങ്ങിയത്. അതേസമയം പ്രദേശത്ത് കൂടുതൽ പുലികളുണ്ടെന്നാണ് നാട്ടുകാ‍ർ പറയുന്നത്.  തേക്കടിയിൽ നിന്നും കോട്ടയത്തു നിന്നുമുള്ള വനംവകുപ്പ് വെറ്റിനറി ഡോക്ടർമാർ സ്ഥലത്തെത്തി പുലിയെ പരിശോധിച്ചു.  ആവശ്യമായ ചികിത്സ നൽകിയ ശേഷം പെരിയാ‍ർ കടുവ സങ്കേതത്തിലെ വനമേഖലയിൽ പുലിയെ തുറന്നു വിട്ടു.

Read More : ഗോത്ര വിഭാഗക്കാരുടെ സമഗ്ര ആരോഗ്യം; 'ഊരും ഉയിരും' ക്യാമ്പിന് നൂൽപ്പുഴയിൽ തുടക്കം

Follow Us:
Download App:
  • android
  • ios