കൊല്ലം കളക്ട്രേറ്റിൽ ലെറ്റർ ബോംബ് ഭീഷണി, കത്ത് പോസ്റ്റ് ചെയ്തത് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്ന്; പരിശോധന
കളക്ടർക്കാണ് ഭീഷണിക്കത്ത് കിട്ടിയത്

കൊല്ലം: കൊല്ലം കളക്ട്രേറ്റിൽ കത്തിലൂടെ ബോംബ് ഭീഷണി എത്തി. ഉച്ചയ്ക്കാണ് കത്തിലൂടെയുള്ള ഭീഷണി സന്ദേശം എത്തിയത്. കളക്ടർക്കാണ് ഭീഷണിക്കത്ത് കിട്ടിയത്. ഭീഷണിക്കത്ത് കിട്ടിയതിന് പിന്നാലെ കളക്ടർ പൊലീസിനെ കാര്യങ്ങളറിയിച്ചു. ഇതിന് പിന്നാലെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. കത്ത് പോസ്റ്റ് ചെയ്തത് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കത്ത് അയച്ചതാരെന്നത് കണ്ടെത്താൻ കൂടുതൽ അന്വേഷണം ഉണ്ടാകും.
വാടകവീട്ടിൽ നിന്ന് 30 കിലോ കഞ്ചാവ് പിടിച്ച കേസ്, യുവതിയുടെ ജാമ്യം റദ്ദാക്കി, 10 ദിവസത്തിൽ കീഴടങ്ങണം
അതേസമയം കൊല്ലം കളക്ട്രേറ്റിൽ 2016 ജൂൺ മാസത്തിൽ ബോംബ് സ്ഫോടനം നടന്നിട്ടുണ്ട്. 2016 ലെ സംഭവത്തിന് ശേഷം പല തവണ ഇത്തരത്തിൽ വ്യാജ ബോംബ് സ്ഫോടന ഭീഷണി കളക്ട്രേറ്റിൽ എത്തിയിട്ടുണ്ട്. 2016 ലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ വലിയ ജാഗ്രതയോടെയാണ് ഇത്തരം ഭീഷണികൾ കളക്ട്രേറ്റ് നോക്കികാണാറുള്ളത്. അതുകൊണ്ടാണ് ഇന്നത്തെ ബോംബ് സ്ഫോടന ഭീഷണിയിലും കാര്യമായ ജാഗ്രതയും പരിശോധനയും നടത്തിയത്.
2016 ൽ കൊല്ലം കളക്ട്രേറ്റിൽ ഉണ്ടായ ബോംബ് സ്ഫോടന കേസിൽ മധുര സ്വദേശികളായ അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ഷംസൂണ്‍ കരിം രാജ, ഷംസുദീന്‍ എന്നിവരാണ് പ്രതികള്‍. ബേസ് മൂവ്മെന്‍റ് പ്രവർത്തകരാണ് പ്രതികളെന്ന് തെളിഞ്ഞിരുന്നു. 2016 ലെ സ്ഫോടനത്തിൽ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. സ്ഫോടന കേസിൽ ബേസ് മൂവ്മെൻറ് പ്രവർത്തകനായ മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയാണ് പൊലീസ് അന്ന് കുറ്റപത്രം സമർപ്പിച്ചത്. ചോദ്യം ചെയ്യലിലും മറ്റ് അന്വേഷണങ്ങളിലും മുഹമ്മദ് അയൂബ് മാത്രമാണ് പൊലീസുമായി സഹകരിച്ചത്. 2016 ലെ കൊല്ലം കളക്ട്രേറ്റ് സ്‌ഫോടനത്തില്‍ മറ്റ് നാല് പേര്‍ക്കുള്ള പങ്കാളിത്തം വ്യക്തമാക്കുന്ന മൊഴിയാണ് മുഹമ്മദ് അയൂബ് നല്‍കിയതും. ഇതുകൊണ്ടാണ് കേസിൽ അയൂബിനെ മാപ്പുസാക്ഷിയാക്കിയത്.