കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിനായി മണ്ഡലത്തിലെ ഇരുന്നൂറോളം വരുന്ന അങ്കണവാടികളും മുഴുവന്‍ പൊതു വായനശാലകളും സാംസ്‌കാരിക നിലയങ്ങളും ഓണ്‍ലൈന്‍ ടെലിവിഷന്‍ പഠനകേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ആസ്തി വികസന ഫണ്ടില്‍ നിന്നും ആവശ്യമായ തുക അനുവദിക്കുമെന്ന് കാരാട്ട് റസാഖ് എംഎല്‍എ. മണ്ഡലത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അടിസ്ഥാനം സൗകര്യം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് താമരശ്ശേരി റസ്റ്റ്ഹൗസില്‍ ചേര്‍ന്ന മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെയും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗത്തിലാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.

കൊവിഡ് 19ന്റെ അനിശ്ചിതാവസ്ഥയില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി അധ്യയനം ആരംഭിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് പദ്ധതി രൂപീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വീട്ടില്‍നിന്ന് ലഭിക്കുവാന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് മണ്ഡലത്തിലുടനീളം താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ സ്ഥിരം സംവിധാനം ഒരുക്കി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്തിവികസന ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നത്.

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഹാജറാ കൊല്ലരുകണ്ടി, കെ ടി സക്കീന ടീച്ചര്‍, അഡ്വ. പി കെ വബിത, ബേബി രവീന്ദ്രന്‍, കൊടുവള്ളി  നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ബിന്ദു അനില്‍കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍/ ചെയര്‍മാന്മാരായ ആമിന ടീച്ചര്‍ , വി സി ഹമീദ് മാസ്റ്റര്‍ , കെ കെ എ ജബ്ബാര്‍ , ജെസ്സി ശ്രീനിവാസന്‍ തുടങ്ങിയവരും  കൊടുവള്ളി എ.ഇ.ഒ വി മുരളികൃഷ്ണന്‍, താമരശ്ശേരി എ.ഇ.ഒ  എന്‍ പി മുഹമ്മദ് അബ്ബാസ്, കൊടുവള്ളി ബി.പി.ഒ വി എം മെഹറലി, കൊടുവള്ളി സി.ഡി.പി.ഒ ഗീത.ടി, മണ്ഡലത്തിലെ മുഴുവന്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.