മരിച്ച് പോയ ആളുടെ പേരിൽ വർഷങ്ങളായി റേഷൻ ഭക്ഷ്യധാന്യങ്ങൾ തട്ടിയെടുത്ത റേഷൻ കടയുടമയ്ക്കെതിരെ നടപടി. പൊൻകുന്നത്തിന് സമീപം എലിക്കുളം പഞ്ചായത്തിലെ സന്തോഷ് കുമാറിന്‍റെ റേഷൻ കട സപ്ലൈ ഓഫീസര്‍ സസ്പെന്‍റ് ചെയ്തു. സന്തോഷ് കുമാറിന്‍റെ ഉടമസ്ഥതതയിലുള്ള 130 ആം നമ്പര്‍ കടയാണ് സസ്പെന്‍റ് ചെയ്തത്. 

2016 ൽ മരിച്ചു പോയ അന്ത്യോദയ കാർഡ് ഉടമയ്ക്ക് അന്നു മുതൽ പ്രതിമാസം 30 കിലോ അരി , 5 കിലോ ഗോതമ്പ് , ഒരു കിലോ പഞ്ചസാര എന്നിവ നൽകിയതായി കാണിച്ചു, സ്ഥലത്തിലാത്ത പല കാർഡുടമകളും റേഷൻ സാധനങ്ങൾ കൈപ്പറ്റിയതായി രേഖപ്പെടുത്തി, ഇ പോസ് മെഷീനിൽ കൈവിരൽ പതിപ്പിക്കാതെ മാനുവൽ രീതിയിൽ രേഖപ്പെടുത്തി ക്രമക്കേട് നടത്തി ഇങ്ങനെ ഗുരുതരമായ കുറ്റങ്ങളാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ ടിജി സത്യപാല്‍ കണ്ടെത്തിയത്. കൂടുതല്‍ ക്രമക്കേട് നടത്തിയിട്ടുണ്ടൊയെന്നും പരിശോധിക്കുന്നുണ്ട്. 

ജനുവരിയിലാണ്  ക്രമക്കേട്  കണ്ടെത്തിയത്. വിശദമായ പരിശോധനയിലാണ് കണ്ടെത്തല്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസ് കമ്മീഷനറുടെ ഉത്തരവ് പ്രകാരമാണ് കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത് . ഈ കടയിൽ നിന്നും റേഷൻ വാങ്ങുന്നവർക്ക് കൂരാലിയിലെ 121 -ാം നമ്പർ റേഷൻ കടയിൽ നിന്നും റേഷൻ സാധനങ്ങൾ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു