അമ്പലപ്പുഴ കരൂരില്‍ ശിവദാസന്‍റെ മകന്‍ സുനില്‍ കുമാര്‍ കൊല്ലപ്പെടുന്നത് 2010 ജൂണ്‍ 14 നാണ്. പ്രതികള്‍ ഓരോ ലക്ഷം വീതം സുനില്‍ കുമാറിന്‍റെ അമ്മക്കും ഭാര്യക്കും നല്‍കണം.  

ആലപ്പുഴ: സുനില്‍ കുമാര്‍ കൊലപാതക കേസിലെ പ്രതികളായ സഹോദരന്മാര്‍ക്ക് ജീവപര്യന്തവും പിഴയും. സുനില്‍ കുമാറിന്‍റെ ബന്ധുക്കളും സഹോദരങ്ങളുമായ ബിജു (36), ബിജി (42) എന്നിവരാണ് പ്രതികള്‍. പ്രതികള്‍ ഓരോ ലക്ഷം വീതം സുനില്‍ കുമാറിന്‍റെ അമ്മയ്ക്കും ഭാര്യക്കും നല്‍കണം. അമ്പലപ്പുഴ കരൂരില്‍ ശിവദാസന്‍റെ മകന്‍ സുനില്‍ കുമാറിനെ പ്രതികള്‍ കൊലപ്പെടുത്തുന്നത് 2010 ജൂണ്‍ 14 നാണ്.

വിസ നല്‍കാമെന്ന് പറഞ്ഞ് സുനില്‍ കുമാറിന്‍റെ ബന്ധുവില്‍ നിന്ന് പ്രതികള്‍ പണവും പാസ്പോര്‍ട്ടും വാങ്ങിയിട്ടും വിസ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സുനില്‍ കുമാറിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്. സംഭവ ദിവസം വൈകിട്ട് ആറുമണിക്ക് തൃക്കുന്നപ്പുഴ പൊലീസ്റ്റേഷനിലെ ഹോംഗാര്‍ഡായ ജയറാമിന്‍റെ കടയില്‍ സിഗരറ്റ് വാങ്ങാനെത്തിയതായിരുന്നു സുനില്‍ കുമാര്‍. 

സുനില്‍ കുമാറിനെ ബിജുവും ബിജിയും കൂടി ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയം ജയറാമിന്‍റെ കടയിലുണ്ടായിരുന്ന 12 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മൊഴിയും സുനില്‍കുമാറിനെ ആശുപത്രിയിലെത്തിയ സാക്ഷികളുടെ മൊഴിയും കണക്കിലെടുതതാണ് കോടതി വിധി.