2021 ആഗസ്റ്റ് 21ന് രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. വെട്ടേറ്റ മദ്ധ്യവയസ്കൻ പിറ്റേദിവസം മരിച്ചു.

കല്‍പ്പറ്റ: മുന്‍വൈരാഗ്യത്തിന്റെ പേരിൽ മധ്യവയസ്‌കനെ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോളേരി വളാഞ്ചേരി മാങ്ങോട് വീട്ടില്‍ എം.ആര്‍. അഭിലാഷിനെയാണ് (41) കല്‍പ്പറ്റ അഡീഷണല്‍, സെഷന്‍സ് ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. 

2021 ആഗസ്റ്റ് 21ന് രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. കോളേരി പൂതാടി തവളയാങ്കല്‍ വീട്ടില്‍ സജീവന്‍( 52) ആണ് കൊല്ലപ്പെട്ടത്. വളാഞ്ചേരിയില്‍ വെച്ചാണ് സജീവനെ അഭിലാഷ് വെട്ടിപരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഇയാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കവെ പിറ്റേ ദിവസം രാവിലെ അവിടെവെച്ച് മരണപ്പെടുകയായിരുന്നു.

അന്നത്തെ നൂല്‍പ്പുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.സി. മുരുകന്‍ ആണ് കേസിൽ ആദ്യത്തെ അന്വേഷണം നടത്തിയത്. കേണിച്ചിറ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ്. സതീഷ് കുമാര്‍ പിന്നീട് തുടരന്വേഷണം നടത്തി. അന്നത്തെ കേണിച്ചിറ സബ് ഇൻസ്പെക്ടർ പി.പി. റോയി അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം