ആന്തരിക രക്തസ്രാവവും വാരിയെല്ലുകളിൽ ഒടിവും കണ്ടതിനാൽ കുടപ്പനക്കുന്ന് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ സർജ്ജറി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിനു മുൻപേ തന്നെ ഇന്ന് രാവിലെ രാമൻ മരണത്തിന് കീഴടങ്ങി
തിരുവനന്തപുരം: മൃഗശാലയിലെ സിംഹവാലൻ കുരങ്ങുകൾ തമ്മിലുണ്ടായ കടിപിടിയിൽ ഒരെണ്ണം ചത്തു. 23 വയസുള്ള രാമൻ എന്ന ആൺ സിംഹവാലൻ കുരങ്ങാണ് ഇന്ന് രാവിലെ ചത്തത്. ബുധനാഴ്ച കൂട് വൃത്തിയാക്കുന്നതിനായി കുരങ്ങുകളെ കൂട് മാറ്റുന്നതിനിടയിൽ അപ്രതീക്ഷിതമായി രണ്ട് കുരങ്ങുകൾ പരസ്പരം ആക്രമിക്കുകയായിരുന്നു. അപകടത്തിൽ രാമന് സാരമായ പരിക്ക്ഏറ്റിരുന്നു. പുറമെ ഉള്ള പരിക്കുകൾ ചികിത്സിച്ച ശേഷം ആന്തരിക രക്തസ്രാവവും വാരിയെല്ലുകളിൽ ഒടിവും കണ്ടതിനാൽ കുടപ്പനക്കുന്ന് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ സർജ്ജറി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിനു മുൻപേ തന്നെ ഇന്ന് രാവിലെ മരണമടഞ്ഞു. കോടനാട് വനംവകുപ്പിൽ നിന്ന് 2008 ൽ ആണ് ഇതിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. ചെറു കൂട്ടങ്ങളായി ജീവിക്കുന്ന സിംഹവാലൻ കുരങ്ങുകളിൽ സംഘർഷം അപൂർവമല്ലെന്ന് മൃഗശാലയിലെ വെറ്ററിനറി സർജ്ജൻ ഡോ. നികേഷ് കിരൺ അഭിപ്രായപ്പെട്ടു.
ഇനി മൂന്ന് ആൺ കുരങ്ങുകളും മൂന്ന് പെൺ കുരങ്ങുകളുമാണ് മൃഗശാലയിൽ ഉള്ളത്. കേന്ദ്ര മൃഗശാല അതോറിട്ടിയുടെ സിംഹവാലൻ പ്രജനന പദ്ധതിയിൽ പങ്കാളിയാണ് തിരുവനന്തപുരം മൃഗശാല. പദ്ധതിയുടെ ഏകോപന ചുമതലയുള്ള ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കുരങ്ങുകൾ എത്തിക്കാൻ ശ്രമിക്കുന്നതായി മൃഗശാല ഡയറക്ടർ മഞ്ജുളാദേവി അറിയിച്ചു. 2008 മുതല്‍ മൃഗശാലാ കാണാനെത്തുവര്‍ക്ക് കൗതുകമായിരുന്നു രാമന്‍. ഇനി ആറ് സിംഹവാലന്‍ കുരങ്ങുകളാണ് അവശേഷിക്കുന്നത്.


